കളമശ്ശേരി മണ്ഡലം തൊഴിൽമേളയിൽ 109 പേർക്ക് തൊഴിൽ
വ്യവസായ മന്ത്രി പി രാജീവ് കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന യുവതയ്ക്കൊപ്പം പദ്ധതിയുടെ ഭാഗമായി വിജ്ഞാന കേരളവുമായി സഹകരിച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടന്ന തൊഴിൽമേള വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്ക്, കുടുംബശ്രീ, കില എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു തൊഴിൽമേള സംഘടിപ്പിച്ചത്. തൊഴിൽമേളയിൽ 109 പേരെ സെലക്ട് ചെയ്യുകയും 331പേർ ആദ്യഘട്ടത്തിലെ ചുരുക്കപട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. ഇത് അഞ്ചാം തവണയാണ് മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നത്.
കളമശ്ശേരി മണ്ഡലം കേന്ദ്രീകരിച്ചു നടത്തിയ തൊഴിൽ മേളയിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 810 പേർ പങ്കെടുത്തു.
232 തസ്തികളിലേക്കുള്ള 1500 ലധികം ഒഴിവുകളിലേക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയുമാണ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തിയത്. 106 കമ്പനികൾ പങ്കെടുത്തു.
തൊഴിൽ മേളയിൽ തൊഴിൽ ലഭ്യമാകാത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കളമശ്ശേരി സ്കൈ പദ്ധതിയുടെ ഭാഗമായി തുടർപിന്തുണ നൽകി തൊഴിലിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും തുടർന്നും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
നൈപുണ്യവികമ്പനം ലക്ഷ്യമിട്ട് കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സ്കൈ പദ്ധതി അഞ്ച് വർഷം പിന്നിടുമ്പോൾ ബഹുമുഖമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത് എന്ന് മന്ത്രി പറഞ്ഞു. സ്കൈ പദ്ധതിയിലൂടെ 1200 ഓളം പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. അയ്യായിരത്തോളം പേരാണ് നേരത്തെ നടന്ന തൊഴിൽ മേളകളിൽ പങ്കെടുത്തത്. ശരാശരി 50 ഓളം കമ്പനികൾ ഓരോ മേളയിലും ഉദ്യോഗാർത്ഥികളെ തേടിയെത്തി. ഭാഷാനൈപുണ്യത്തിനും ഇൻ്റർവ്യൂ അഭിമുഖീകരിക്കുന്നതിനും നോളഡ്ജ് മിഷൻ മുഖേന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്നു. കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളുമായ 100 പേർക്ക് തൊഴിലവസരമൊരുക്കുന്നതിനുള്ള പദ്ധതിയും നേരത്തെ സംഘടിപ്പിച്ചു. സ്കൈയും ടെക്നോപാർക്കിലെ സിംപ്ലോജിക്സ് സൊലൂഷ്യൻസ് കമ്പനിയുമായി ചേർന്ന് ഇന്റേൺഷിപ്പിനും അവസരമൊരുക്കി. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ കമ്പനികളിലുൾപ്പെടെ തൊഴിൽ ലഭ്യത ഉറപ്പാക്കും വിധം നൈപുണി പരിശീലനത്തിന് വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
- Log in to post comments