പെൺമ 2026: വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെയും വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ “പെൺമ 2026” വനിതാ ദിനാഘോഷ പരിപാടി പാലാരിവട്ടം വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ചു. സിനിമാതാരവും നർത്തകിയുമായ ഊർമിള ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി എ.എസ്.ഐ. ലിസ്സി മത്തായിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ സ്ത്രീകൾക്കായി സ്വയംരക്ഷാ പരിശീലനം സംഘടിപ്പിച്ചു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിതരാകാനും സഹായിക്കുന്ന അടിസ്ഥാന സ്വയംരക്ഷാ തന്ത്രങ്ങളും ജാഗ്രതാ മുൻകരുതലുകളും പരിശീലനത്തിൽ പരിചയപ്പെടുത്തി.
ഇതോടൊപ്പം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വനിതാ ചാപ്റ്ററിന്റെ പ്രതിനിധിയായ ഡോക്ടർ ദിവ്യ ദാമോദരന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു. സ്ത്രീകളുടെ തിരക്കേറിയ ജീവിതശൈലിയിൽ ശാരീരികാരോഗ്യവും മാനസിക സമത്വവും നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് വിവിധ യോഗാസനങ്ങളും ശ്വാസാഭ്യാസങ്ങളും പരിശീലിപ്പിച്ചു.
എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.ആർ. രജിത, വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട്, പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ എബ്രഹാം സൈമൺ വി., ട്രഷറർ സി.എ. റെജി എ. ജോർജ്, സുനിൽ മാത്യു, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ റ്റി . മാണി എന്നിവർ സംസാരിച്ചു.
എറണാകുളം ജില്ലയിലെ 102 സി.ഡി.എസ്-കളിലെ എഫ്.എൻ.എച്ച്.ഡബ്ല്യു റിസോഴ്സ് പേഴ്സൺമാരും സ്നേഹിത ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments