Skip to main content

കൊച്ചി  വിമാനത്താവളത്തിൽ 'ഡെമോക്രസി ഇൻസ്റ്റലേഷൻ' അനാവരണം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിയാൽ) ഒരുക്കിയ  'എ ട്രൈബ്യൂട്ട് ടു ഡെമോക്രസി'  എന്ന ശിൽപ ഇൻസ്റ്റലേഷൻ  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അനാവരണം ചെയ്തു. 

​തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാകുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അഭിപ്രായപ്പെട്ടു.
​തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്വീപ്' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ) പദ്ധതിയുടെ ഭാഗമായാണ് ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്. 

ജനാധിപത്യ പ്രക്രിയയിൽ വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആഭ്യന്തര ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള ഈ കലാരൂപം യാത്രക്കാരിലും സന്ദർശകരിലും ഓരോ വോട്ടും വിലപ്പെട്ടതാണെന്ന സന്ദേശം എത്തിക്കും.

​സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ,   ജില്ലാ കളക്ടർ ജി. പ്രിയങ്ക ,സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ന്യൂഡൽഹിയിലേക്ക് മടങ്ങി.

date