Skip to main content

ഉപഭോക്താക്കൾ അവകാശങ്ങൾ തിരിച്ചറിയണം: ഡി.ബി. ബിനു

ആധുനിക കാലഘട്ടത്തിൽ നേരിട്ടും ഓൺലൈൻ വഴിയും സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ഓരോ ഉപഭോക്താവും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരിക്കണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു. ഇടക്കൊച്ചി അക്വിനാസ് കോളേജിൽ കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരം അറിഞ്ഞിരിക്കേണ്ടത് ഓരോ ഉപഭോക്താവിന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള ലഘുപുസ്തകം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.
​ഉപഭോക്തൃ അവബോധത്തോടൊപ്പം 'റെസ്പോൺസിബിൾ ഫ്രണ്ട്ഷിപ്പ്' എന്ന സന്ദേശമുയർത്തി ലഹരിവിരുദ്ധ ബോധവൽക്കരണവും ചടങ്ങിൽ സംഘടിപ്പിച്ചു.  വിമുക്തി മുൻ ജില്ലാ കോഓഡിനേറ്റർ വി.ടി. ജോബ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസിൽ വൃക്ഷത്തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു. 

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, കൺസ്യൂമർ ക്ലബ് കോർഡിനേറ്റർ ഡോ. ഫിയോണ ഷീനു ഫ്രാൻസിസ്, ഫിഫി ജോസഫ് എന്നിവർ സംസാരിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാ. അനിൽ ഫിലിപ്പ്, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ ബാലകൃഷ്ണൻ, പരിവർത്തൻ പ്രതിനിധി ഐപ്പ് ജോസഫ്, ഹരിത കേരളം മിഷൻ കോർപ്പറേഷൻ കോഓർഡിനേറ്റർ നിസ നിഷാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date