ഇരവിപുരം റെയില്‍വേ മേല്‍പാലം നാടിന് സമര്‍പ്പിച്ചു ലെവല്‍ ക്രോസുകള്‍ ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുത്ത് കേരളം: മുഖ്യമന്ത്രി
ലെവല്‍ ക്രോസുകള്‍ ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരവിപുരം റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 12 റെയില്‍വേ മേല്‍പാലത്തിന്റെയും ഒരു അടിപ്പാതയുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. 24 മേല്‍പ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്; ഇതുവരെ 2028 കോടി രൂപ നിര്‍മാണത്തിനായി അനുവദിച്ചു.
ഇരവിപുരം, മയ്യനാട്, എസ് എന്‍ കോളജ് ജംഗ്ഷന്‍, കല്ലുംതാഴം, കൂട്ടിക്കട, പോളയത്തോട് തുടങ്ങി ആറ് മേല്‍പാലങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി നല്‍കി. 244 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മയ്യനാട് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. മുണ്ടയ്ക്കല്‍ കച്ചിക്കടവില്‍ 30 കോടി രൂപ ചെലവഴിച്ചാണ് പാലം ഒരുക്കുന്നത്.
പീരങ്കി മൈതാനത്ത് ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മുണ്ടയ്ക്കലില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു; 45 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് 367 കോടി രൂപയുടെ പദ്ധതികളാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി പങ്കെടുത്ത് അധ്യക്ഷനായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎം -ബിസി നിലവാരത്തില്‍ നവീകരിച്ചു. ദേശീയപാത 66ന്റെ നിര്‍മാണം 450ലധികം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ നിര്‍മാണം പകുതി പൂര്‍ത്തീകരിച്ചു. തീരദേശപാതയുടെ ഓരോ 50 കിലോമീറ്ററിലും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും. റോഡ് നവീകരണ പ്രവര്‍ത്തികള്‍ക്കായി 35,000 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് 150 പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
പ്രധാനപ്പെട്ട ജംഗ്ഷനുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ളൈ ഓവറുകളും ബൈപ്പാസുകളും സാധ്യമാക്കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇടങ്ങളില്‍ മിതമായ നിരക്കില്‍ താമസസൗകര്യം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ശിലാഫലകം അനാച്ഛാദനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. സംസ്ഥാനത്ത് 4,60,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനികവത്ക്കരിച്ചതോടെ 10 ലക്ഷത്തോളം കുട്ടികള്‍ പുതിയതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ നിന്നും 31.46 കോടി രൂപ ചെലവഴിച്ചാണ് ഇരവിപുരം റെയില്‍വേ മേല്‍പാലം നിര്‍മിച്ചത്. 416 മീറ്റര്‍ നീളത്തിലും രണ്ടു വരി ഗതാഗതം സാധ്യമാക്കുന്നതിനായി 7.5 മീറ്റര്‍ കരിയേജ് വേയും ഒരു വശത്തു 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും ഉള്‍പ്പെടെ 10.15 മീറ്റര്‍ വീതിയാണുള്ളത്. പള്ളിമുക്ക് ഭാഗത്ത് 65.68 മീറ്റര്‍ നീളത്തിലും ഇരവിപുരം ഭാഗത്ത് 85.69 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡുകളും നിര്‍മിച്ചു. 748 മീറ്റര്‍ നീളത്തില്‍ മേല്‍പാലത്തിന് താഴെ ഇരുവശങ്ങളിലുമായി 3.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും 664 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.
എം. നൗഷാദ് എം.എല്‍.എ, മേയര്‍ എ.കെ.ഹഫീസ്, കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ലക്ഷ്മി ഷാജി, നിഷ സന്തോഷ്, മാജിത വഹാബ്, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.ശാരി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments