Skip to main content

മഴക്കാല പൂർവ ശുചീകരണം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

ഈ വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി തദ്ദേശ സ്വയംഭരണ  വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. 

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏപ്രിൽ ഒന്നിന് മുമ്പായി കൃത്യമായ രൂപരേഖ തയ്യാറാക്കി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. 

ഹരിത കർമ്മ സേനാംഗങ്ങൾ എല്ലാത്തരം അജൈവമാലിന്യങ്ങളും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശേഖരിക്കുന്ന മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വക്കാതെ അന്നേ ദിവസം തന്നെ മിനി എം.സി.എഫ്/എം.സി.എഫുകളിലേക്ക് മാറ്റണം. ഓടകൾ, നീർച്ചാലുകൾ, പൊതു ജലാശയങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനും കൊതുക്, എലി തുടങ്ങിയവയുടെ പ്രജനന സ്രോതസ് നശിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കണം.  
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഡ് അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയ്യാറാക്കണം.  ഹോട്ട് സ്പോട്ട്, വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ എന്നിവ കണ്ടെത്തി അവ ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തണം. ഈ കർമ്മപദ്ധതികൾ ഏപ്രിൽ 20-ന് മുമ്പായി പൂർത്തീകരിക്കേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. 

വാർഡ് ശുചിത്വസമിതികൾക്ക് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാവുന്ന പരമാവധി തുക പഞ്ചായത്തുകൾക്ക് 30,000 രൂപയും, നഗരസഭകൾക്ക് 40,000 രൂപയും, കോർപ്പറേഷനുകൾക്ക് 60,000 രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, കുടുംബശ്രീയുടെ നേതൃത്വത്തിൽ എല്ലാ അയൽക്കൂട്ട കുടുംബങ്ങളും വീടും പരിസരവും കൊതുക്, എലി തുടങ്ങിയവ വളരുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിൽ ശുചീകരിക്കുന്നതിനുള്ള പ്രവർത്തനം സംഘടിപ്പിക്കണമെന്നും യോഗം  ആവശ്യപ്പെട്ടു. 

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മഴക്കാല പൂർവ ശുചീകരണ സർക്കുലർ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ വിശദീകരിച്ചു.

കളക്ടറേറ്റ് പ്ലാനിങ് സമിതി ഹാളിൽ നടന്ന യോഗത്തിൽ നവകേരള മിഷൻ കോഡിനേറ്റർ എസ് രഞ്ജിനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡൻ്റുമാർ,  സെക്രട്ടറിമാർ,  വിദ്യാഭ്യാസം, ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിത കേരളം മിഷൻ, തൊഴിൽ, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത്, ഫിഷറീസ്, കൃഷി തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

date