Skip to main content
കൊടുമണ്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ഉദ്ഘാടനം  മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കി  : മന്ത്രി വീണാ ജോര്‍ജ് കൊടുമണ്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ദൗത്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ഉദ്ഘാടനം ചന്ദനപള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി.
സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റം സാധ്യമായി. ആരോഗ്യ കേന്ദ്രങ്ങള്‍  രോഗി സൗഹൃദവും ജനസൗഹൃദവുമാക്കി മികച്ച സേവനം ഉറപ്പാക്കാന്‍ ആര്‍ദ്രം മിഷനിലൂടെ സാധിച്ചു. കൊടുമണ്‍, ഐക്കാട്, അങ്ങാടിക്കല്‍, ചാലപ്പറമ്പ് എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മാണത്തിന് തുക അനുവദിച്ചു. 15 കോടി രൂപ ചെലവില്‍ അടൂര്‍ ജനറല്‍ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിച്ചു.  അടൂര്‍ ജനറല്‍ ആശുപത്രിക്ക് അമ്മയും കുഞ്ഞും കെട്ടിടത്തിനായി 15 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി നാടിനു സമര്‍പ്പിച്ചു. കോന്നി മെഡിക്കല്‍ കോളജ് സാധ്യമാക്കി. ജില്ലയില്‍ പുതിയ നഴ്സിംഗ് കോളജ് ആരംഭിച്ചു. തിരുവല്ല, റാന്നി, എഴുമറ്റൂര്‍ തുടങ്ങി  വിവിധ ഇടങ്ങളില്‍ പുതിയ ആശുപത്രി കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു.
എട്ടു കോടി രൂപ ചെലവില്‍ അടൂരില്‍ നിര്‍മിച്ച സംയോജിത ആശുപത്രി ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .
അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യം, പശ്ചാത്തല വികസനം, പൊതു വിദ്യാഭ്യാസ മേഖല തുടങ്ങി എല്ലാ രംഗത്തും സമാനതകളില്ലാത്ത വികസനം സാധ്യമായതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 10 വര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയ്ക്ക് ഉണര്‍വേകാന്‍ സര്‍ക്കാരിനായി.  കൊടുമണ്ണില്‍ അന്താരാഷ്ട്ര സ്റ്റേഡിയം സാധ്യമായി. ഏഴംകുളം- കൈപ്പട്ടൂര്‍, ആനയടി- കൂടല്‍, കൊടുമണ്‍- അങ്ങാടിക്കല്‍  തുടങ്ങി മണ്ഡലത്തിലെ വിവിധ റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
4200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുകോടി 43 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിട നിര്‍മാണം. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്ക്, ജീവിതശൈലി രോഗം നിര്‍ണയ ക്ലിനിക്, വയോജന ക്ലിനിക്,പാലിയേറ്റീവ് കെയര്‍ , കൗമാര ആരോഗ്യ ക്ലിനിക്, മാനസികാരോഗ ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങള്‍ സ്ഥാപനത്തിലൂടെ ലഭിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ എ എന്‍ സലീം, ബീനപ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജി ഗീതാ ദേവി, വൈസ് പ്രസിഡന്റ് പ്രകാശ് റ്റി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ ലാലി സുദര്‍ശനന്‍, ഐക്കര ഉണ്ണികൃഷ്ണന്‍, അംബിക വിനയന്‍, അംഗങ്ങളായ ജി അനിരുദ്ധന്‍, എം കിരണ്‍, സീന സത്യന്‍, കെ കെ അശോക് കുമാര്‍, എം ആര്‍ രൂപ, മിഥിന്‍ അങ്ങാടിക്കല്‍, ലീലാമണി വാസുദേവന്‍, ജിഷാരാജ്, ഷൈനി തോമസ്, കൃഷ്ണകുമാരി അമ്മ, കെ ഹരികുമാര്‍, ഡി പ്രദീപ്, എ ജി ശ്രീകുമാര്‍, സന്ധ്യാ ജി രാജ്, ജില്ലാ പ്രോഗ്രാം  ഓഫീസര്‍ എസ് ശ്രീകുമാര്‍, ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ജിജോ റ്റി മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡി സജി, അഡ്വ ബിജു ഫിലിപ്, എ വിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date