ആട് വസന്ത പ്രതിരോധ കുത്തിവെപ്പ് യജ്ഞം: രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചു
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആടുവസന്ത നിര്‍മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സഖറിയ സാദിഖ് മധുരക്കറിയന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആടു കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ രോഗം 2030-ഓടെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുത്തിവെപ്പ് സാമഗ്രികള്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കെ. മുഹമ്മത് മുസ്തഫയ്ക്ക് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നടന്നത്.
ഫെബ്രുവരി നാല് മുതല്‍ 18 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായാണ് ഈ ദൗത്യം നടപ്പിലാക്കി വരുന്നത്. ജില്ലയിലെ മുഴുവന്‍ ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും കുത്തിവെപ്പ് ഉറപ്പാക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡുകള്‍ കര്‍ഷകരുടെ വീടുകളിലെത്തി കുത്തിവെപ്പ് നടത്തും. പദ്ധതി നൂറ് ശതമാനം കര്‍ഷകരിലും എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) ഡോ. ഷൗക്കത്തലി വടക്കുംപാടം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഡോ. കെ. ഷാജി പദ്ധതി വിശദീകരിച്ചു. ആതവനാട് എ.പി.ഒ ഡോ. യു. സലില്‍ സ്വാഗതവും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വൈ. അജി നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തിന് ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എ. ഷമീം, ജില്ലാ ഐ.ടി. അസിസ്റ്റന്റ് ഇല്ല്യാസ് കല്ലായി എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments