പ്രളയ പുനരധിവാസം കെയര്‍ഹോം ഭവനനിര്‍മാണ പദ്ധതി ജില്ലാതല ഉദ്ഘാടനം 27ന്
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം ഭവന നിര്‍മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 27ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് റാന്നി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി.തോമസ്, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.ജി.പ്രമീള, സ്വാഗതസംഘം ജനറല്‍ കണ്‍വിനര്‍ പി.ആര്.പ്രസാദ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രളയദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കേരളത്തെ പുനസൃഷ്ടിക്കുന്നതിന് ഇച്ഛാശക്തിയോടെയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ സഹകരണമേഖല പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിന് 4000 വീടുകളുടെ പുനര്‍നിര്‍മാണമാണ് സംസ്ഥാനമൊട്ടാകെ ഏറ്റെടുക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 114 വീടുകളാണ് സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയിന്‍ കീഴില്‍ ആദ്യഘട്ടത്തില്‍ നിര്‍മിച്ചു നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് വകയിരുത്തിയിട്ടുള്ളത്. 2019 മാര്‍ച്ച് 31നകം എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും സഹകരണമേഖലയില്‍ നിന്നും സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് കെയര്‍ഹോം പദ്ധതി നടപ്പാക്കുന്നത്. (പിഎന്‍പി 4136/18)
- Log in to post comments