എഴിക്കാട് കോളനിയിലെ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി മല്ലേലില്‍ ശ്രീധരന്‍നായര്‍
നവകേരള നിര്‍മിതിക്കായി സുമനസുകളുടെ കൈത്താങ്ങ്. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് കണ്ണീരിന്റെ തുരുത്തിലായവര്‍ ഏറെയാണ്. അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിനൊപ്പം കൈകോര്‍ത്ത് സുമനസുകള്‍ കൂടി എത്തിയതോടെ നവകേരള നിര്‍മിതിക്ക് കൂടുതല്‍ കരുത്താവുകയാണ്. പ്രളയം ഏറ്റവും കൂടുതല്‍ ഗ്രസിച്ച ഏഴിക്കാട് കോളനിയിലെ പതിനാറും പതിനേഴും വാര്‍ഡുകളിലായി പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന പത്ത് വീടുകളുടെ നിര്‍മാണമാണ് മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ ശ്രീധരന്‍നായര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രളയസമയത്ത് ജില്ലയെ കൈപിടിച്ച് കയറ്റാന്‍ ചെറുതും വലുതുമായി നല്‍കിയ സഹായങ്ങള്‍ക്ക് പുറമേയാണ് ഇത്തരമൊരു ബൃഹത് പദ്ധതിയുമായി അദ്ദേഹം എത്തിയത്. ജില്ലാ കളക്ടര്‍ പി.ബി നൂഹുമായി കൂടിയാലോചിച്ച് ആധുനികമായ രീതിയില്‍ ഏറ്റവും വേഗത്തിലും ഭംഗിയായും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ അര്‍ഹര്‍ക്ക് കൈമാറുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കിടപ്പുമുറികളും, ഹാളും അടുക്കളയും ബാത്ത്റൂമും ഉള്‍പ്പെടുന്ന ഓരോ വീടുകള്‍ക്കും നാനൂറ് സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുണ്ടായിരിക്കും. ഒരു വീടിന് ആറരലക്ഷം രൂപ മുതല്‍ മുടക്കില്‍ ഫ്രീമാസന്‍ കമ്പനിയെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വീട് നിര്‍മാണത്തിന്റെ കല്ലിടീല്‍ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. മാര്‍ച്ചോട് കൂടി നിര്‍മാണം പൂര്‍ത്തിയാക്കും. ഒരു ജില്ലയുടെ മുഴുവന്‍ കണ്ണീരും ഒപ്പാന്‍ സാധിക്കില്ലെങ്കിലും ജില്ലാ ഭരണകൂടത്തിനൊപ്പം കൈകോര്‍ത്ത് ചിലരുടെ മുഖത്തെങ്കിലും പുതിയ പ്രതീക്ഷയുടെ പുഞ്ചിരി സമ്മാനിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. (പിഎന്‍പി 4138/18)
- Log in to post comments