Skip to main content
വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹ്യനീതി ഉറപ്പാക്കാനാവൂ: മുഖ്യമന്ത്രി

വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹ്യനീതി ഉറപ്പാക്കാനാവൂ: മുഖ്യമന്ത്രി

 

പാലയാട് ക്യാമ്പസ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിന്റെ പുതിയ കെട്ടിടം, വനിത ഹോസ്റ്റൽ രണ്ടാം നില ഉദ്ഘാടനം ചെയ്തു

വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിനോട് ചേർന്ന് പൂർത്തീകരിച്ച സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിന്റെ പുതിയ കെട്ടിടത്തിന്റെയും വനിത ഹോസ്റ്റൽ രണ്ടാം നിലയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കണ്ണൂർ സർവകലാശാലയുടെ ചരിത്രത്തിലെ സുപ്രധാന ഘട്ടമാണിത്. ഉത്തര കേരളത്തിലെ മൂന്ന് ജില്ലകളിലായി മൾട്ടി ക്യാമ്പസ് യൂണിവേഴ്‌സിറ്റി എന്ന രീതിയിൽ വിഭാവനം ചെയ്തു സ്ഥാപിച്ചതാണ് കണ്ണൂർ സർവകലാശാല. വിജ്ഞാനത്തിന്റെ വികേന്ദ്രീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ കണ്ണൂർ സർവകലാശാല ഈ മുന്നേറ്റം ശക്തമാക്കേണ്ടതുണ്ട്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

2016 ൽ സംസ്ഥാന സർക്കാർ അധികാരമേറ്റപ്പോൾ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിൽ ദേശീയ തലത്തിലെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്ന് എത്രയെണ്ണം ഉണ്ടെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു മറുപടി. ആ സ്ഥിതി മാറ്റാൻ സർവകലാശാലകൾ തന്നെ മുന്നിൽ നിന്നു. സർക്കാർ പിന്തുണച്ചു. 2021 ൽ ജനങ്ങൾ സർക്കാരിന് തുടർഭരണം തന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബാക്കി മാറ്റുമെന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി ഒട്ടേറെ നടപടികൾ സ്വീകരിച്ചത് ഫലം കണ്ടു. കഴിഞ്ഞ വർഷത്തെ കണക്ക് പുറത്തുവന്നപ്പോൾ രാജ്യത്തെ മികച്ച 12 സർവകലാശാലകളിൽ കേരള, എം.ജി, കുസാറ്റ് എന്നിവ ഇടം നേടി. 43ാം സ്ഥാനത്ത് കലിക്കറ്റ് സർവകലാശാലയും സ്ഥാനം പിടിച്ചു. ആദ്യത്തെ മികച്ച 100 കോളജുകളിൽ കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം 16 കോളജുകൾ സ്ഥാനം നേടി. ഈ വർഷത്തെ കണക്ക് വന്നപ്പോൾ അത് 18 കോളജുകളായി വർധിച്ചു, മുഖ്യമന്ത്രി വിശദീകരിച്ചു. 

പഠനത്തോടൊപ്പം ഗവേഷണത്തിനും സംരംഭകത്വത്തിനും മുൻതൂക്കം നൽകുന്ന സാഹചര്യമാണ് വേണ്ടതെന്നും ഇതിന് സൗകര്യങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കണ്ണൂർ സർവകലാശാലയുടെ ഉന്നമനത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും. 

നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. പ്രൈമറി വിദ്യാഭ്യാസം മുതൽ പി എച്ച് ഡി വരെ പഠിക്കാൻ സൗകര്യമുള്ള രാജ്യത്തെ അപൂർവ ഗ്രാമപഞ്ചായത്താണ് ധർമ്മടമെന്ന് സ്പീക്കർ പറഞ്ഞു. ധർമ്മടം മണ്ഡലത്തിലുള്ള ബ്രണ്ണൻ കോളേജ്, സർവകലാശാല പലയാട് ക്യാമ്പസ് എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ച മുഖ്യമന്ത്രിയുടെ ശ്രമഫലമായാണ്. 

കെ വി സുമേഷ് എംഎൽഎ മുഖ്യാതിഥിയായി. ഡോ. എ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ കെ കെ സാജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രഭാകരൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഗീതമ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ അനുശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ സിന്ധു, വാർഡ് അംഗം എൻ കെ ബൈജേഷ്, രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ്, മുൻ എംപി കെ കെ രാഗേഷ്, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. അനീഷ്‌കുമാർ കെ പി, പാലയാട് ക്യാമ്പസ് ഡയറക്ടർ ഡോ സൂരജ് എം ബഷീർ, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വകുപ്പിലെ പ്രസന്നകുമാരി ഇ എസ്, സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ നന്ദജ് ബാബു എന്നിവർ സംസാരിച്ചു. 

മുഖ്യമന്ത്രിയുടെ ഏഴ് കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ഐ.സി.ടി ഇനേബിൾഡ് ക്ലാസ്സ് മുറികൾ, ഫാക്കൽറ്റി മുറി, ആധുനിക സാങ്കേതങ്ങളോടെ സജ്ജീകരിച്ച 250 പേരെ ഉൾകൊള്ളുന്ന സെമിനാർ ഹാൾ, വിശാലമായ ലൈബ്രറി, കാന്റീൻ, മൂർട്ട് കോർട്ട് ഹാൾ എന്നിവ ഉൾപ്പെടുന്നു. ഭിന്നശേഷി സൗഹൃദപരമായി നിർമിച്ച പുതിയ കെട്ടിടത്തിൽ ലിഫ്റ്റ്, റാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 
1.17 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ വനിത ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ 14 മുറികൾ, വായന മുറി, വരാന്ത എന്നിവയുണ്ട്. 56 വിദ്യാർഥിനികൾക്ക് താമസിക്കാൻ കഴിയുന്ന, 546 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നില നിർമിച്ചത് കണ്ണൂർ ജില്ലാ നിർമിതി കേന്ദ്രമാണ്. 181 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കണ്ണൂർ സർവകലാശാലയിൽ പൂർത്തിയാക്കിയത്.

date