Skip to main content

കോലഴിയിൽ വീട്- ശിശു പരിചരണ കേന്ദ്രം ആരംഭിക്കുന്നു

കോലഴിയിൽ പുതിയതായി വീട് - ശിശു പരിചരണ കേന്ദ്രം ആരംഭിക്കുന്നു. കോലഴി കൈതച്ചാൽ റോഡിൽ ആരംഭിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വീട്-ശിശുപരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ എ നിർവഹിച്ചു. സംസ്ഥാന ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി. സുമേശൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി.

'സനാഥ ബാല്യം സംരക്ഷിത ബാല്യം', 'ബാല സൗഹൃദകേരളം' എന്ന കാഴ്‌ചപ്പാടോടെ ശിശു സൗഹൃദ- സംസ്ഥാനമാക്കി മാറ്റി നവകേരള തുടർച്ചയ്ക്കായുള്ള കേരള സർക്കാരിൻ്റെ ബൃഹത് പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ശിശു ക്ഷേമസമിതി. സമിതിയുടെ 75-ാം വാർഷിക ആഘോഷ നിറവിൽ ഒട്ടനവധി പുതിയ പദ്ധതികളും പരിപാടികളുമാണ് ഈ വർഷം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ജില്ലകളിൽ നിലവിൽ പ്രവർത്തിക്കുന്ന പത്ത് ദത്തെടുക്കൽ-ശിശുപരിചരണ കേന്ദ്രങ്ങൾ തിരുവനന്തപുരത്തെ വീട് - ബാലികാമന്ദിരം, വയനാട് ഗേൾസ് എൻട്രിഹോം എന്നിവയ്ക്കു പുറമേയാണ് ത്യശ്ശൂർ കോലഴിയിൽ പുതിയതായി വീട് - ശിശുപരിചരണകേന്ദ്രം കൂടി ആരംഭിക്കുന്നത്.

കോലഴിയിൽ പുതിയതായി വീട് - ശിശു പരിചരണ കേന്ദ്രം ആരംഭിക്കുന്നതിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഭാഗമായവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺ ഗോപി സ്വാഗതവും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി.കെ.വിജയൻ നന്ദിയും പറഞ്ഞു.
 
സംസ്ഥാന ശിശുക്ഷേമസമിതി എക്സ‌ിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ.പശുപതി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.സുനിൽകുമാർ,
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്‌മി വിശ്വംഭരൻ, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീരദർശക്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഡോ.പി.ഭാനുമതി, ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സി. സാജൻ ഇഗ്നോഷ്യസ്, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ വി.കെ. ഉണ്ണികൃഷ്ണൻ,ശിശു ക്ഷേമ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ , രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു

 

date