Skip to main content
..

നിയമസഭാ തിരഞ്ഞെടുപ്പ് - 2026 തിരഞ്ഞെടുപ്പ് കൃത്യതയോടെ നടത്തുന്നതിന് നടപടികളായി - ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റനിലയില്‍ നടത്തുന്നതിനുള്ള ആദ്യഘട്ട ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ ആദ്യയോഗത്തില്‍ അധ്യക്ഷതവഹിക്കവെ നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കി. ചുരുങ്ങിയസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കണം. സുതാര്യവും സുസജ്ജവുമായ നടപടിക്രമങ്ങളാണ് കൈക്കൊള്ളേണ്ടത്. പരമാവധിപേരെ വോട്ടുചെയ്യിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ക്ക് പ്രത്യേകശ്രദ്ധ പതിപ്പിക്കണം.
രാജ്യാന്തര നിലവാരത്തിലുള്ള ബൂത്ത് സജ്ജീകരിക്കുന്നത് മുതല്‍ ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കെല്ലാം സുഗമമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. തെറ്റിദ്ധാരണാജനകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മാതൃകാപെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. മാധ്യമനിരീക്ഷണത്തില്‍ സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളും നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണവും കര്‍ശനനിരീക്ഷണത്തിന് വിധേയമാക്കും. പരിസ്ഥിതിസൗഹൃദ തിരഞ്ഞടുപ്പായിരിക്കും ഇത്തവണത്തേതുമെന്ന് വ്യക്തമാക്കി.
വിവിധ തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി 21 നോഡല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. യോഗത്തില്‍ എ.ഡി.എം ടി. കെ. വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുധീഷ്, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
 
 

date