Skip to main content

നിയമസഭ തെരഞ്ഞെടുപ്പ് 2026

ജില്ലയില്‍ ആകെ 11,00,036 വോട്ടര്‍മാര്‍

5,42,861 പുരുഷന്മാര്‍, 5,57,163 സ്ത്രീകള്‍, 12 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍

ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ല സജ്ജമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടര്‍. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ഏപ്രില്‍ ഒന്‍പതിന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജില്ലയില്‍ ഇതുവരെ ആകെ 11,00,036 വോട്ടര്‍മാരുണ്ട്. ഇതില്‍ 5,42,861 പുരുഷന്മാരും 5,57,163 സ്ത്രീകളും 12 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. വോട്ടര്‍മാരില്‍ 49.35 ശതമാനം പുരുഷന്മാരും 50.65 ശതമാനം സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1141 പോളിങ് സ്റ്റേഷനുകളാണുള്ളത്.  

2026 മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. മാര്‍ച്ച് 24ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ഒന്‍പതിന് പൊതു തിരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് വോട്ടെണ്ണും. മെയ് ആറിന് തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും.

നിയമ സഭാ മണ്ഡലം തല വിവരങ്ങള്‍- പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍

മഞ്ചേശ്വരം        115424    113757      0      229181
കാസര്‍കോട്     105072    104922      0      209994
ഉദുമ                      111782    115918      4      227704
കാഞ്ഞങ്ങാട്      108757    114752      6      223515
തൃക്കരിപ്പൂര്‍       101826    107814      2      209642

ജില്ലാതലത്തില്‍
ആകെ  
                 542861      557163   12    1100036.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ത്തന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

നിയമ സഭാ മണ്ഡലം പോളിങ് സ്റ്റേഷനുകള്‍

മഞ്ചേശ്വരം                         229
കാസര്‍കോട്                      218
ഉദുമ                                      237
കാഞ്ഞങ്ങാട്                      239
തൃക്കരിപ്പൂര്‍                       218
 

ജില്ലാതലത്തില്‍            1141

പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ (ബുധന്‍) രാവിലെ എട്ട് മുതല്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വിതരണ - സ്വീകരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1141 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 20% കൂടുതല്‍ ബാലറ്റ്- കണ്‍ട്രോള്‍ യൂണിറ്റുകളും (228) 30% കൂടുതല്‍ വിവിപാറ്റുകളും (342) റിസര്‍വായി വേണ്ടി വരും. 1426ബാലറ്റ് യൂണിറ്റുകളും  1426കണ്‍ട്രോള്‍ യൂണിറ്റുകളും 1538 വിവിപാറ്റ് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാണ്.

പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍

മഞ്ചേശ്വരം-      ഗവ. കോളേജ് കാസര്‍കോട്
കാസര്‍കോട്-    ഗവ. കോളേജ് കാസര്‍കോട്
ഉദുമ -                   തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
കാഞ്ഞങ്ങാട്-    ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്
തൃക്കരിപ്പൂര്‍-     ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്

ക്രിട്ടിക്കല്‍ ബൂത്തുകള്‍ മണ്ഡലം തിരിച്ച്

തൃക്കരിപ്പൂര്‍                     66
കാഞ്ഞങ്ങാട്                    45            
ഉദുമ                                    34                
കാസര്‍കോട്                    57                
മഞ്ചേശ്വരം                       36  

ജില്ലാതലത്തില്‍ ആകെ      238 ക്രിട്ടിക്കല്‍ ബൂത്തുകള്‍                  

പോളിങ് ഡ്യൂട്ടിക്ക് 5480 ഉദ്യോഗസ്ഥര്‍

കാസര്‍കോട് ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് 5480 ഉദ്യോഗസ്ഥരെയാണ് ആവശ്യമുള്ളത്. 1370 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും 2740 പോളിംഗ് ഓഫീസര്‍മാരെയും ആവശ്യമുണ്ട്.  ജില്ലയില്‍ 116 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കാന്‍ 742 വാഹനങ്ങള്‍

ജില്ലയിലെ വിവിധ ബൂളില്‍ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 612 വാഹനങ്ങള്‍ ആവശ്യമാണ്. 263 LMV/ജീപ്പുകള്‍, 176 മിനി ബസ്, ടെംപോ ട്രാവലറുകള്‍, 173 ബസുകള്‍ എന്നിവയാണ്. ഉപയോഗിക്കുന്നത്. 15ആംബും ഒരുക്കിയിട്ടുണ്ട്. സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 116 വാഹനങ്ങളും ആവശ്യമാണ്.

മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ജില്ലയില്‍ 1141 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കും.

ഏപ്രില്‍ ഒന്‍പതിന് രാവിലെ മോക്‌പോള്‍  ആരംഭിക്കുന്നതു മുതല്‍ പോളിങ്. അവസാനിച്ച് വോട്ടിങ് യന്ത്രങ്ങള്‍ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം വീക്ഷിക്കും.

അഞ്ച് ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും

ജില്ലയില്‍ അഞ്ച്  ബൂത്തുകള്‍ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ അഞ്ച്  നിയോജകമണ്ഡലങ്ങളിലും കൂടെ ആകെ അഞ്ച് ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടി അഞ്ച് മാതൃകാ ബൂത്തുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.

ഹോം വോട്ടിങ്

85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 4292 വോട്ടര്‍മാരും 10259 ഭിന്നശേഷി
വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് ഹോം വോട്ടിങ് സൗകര്യം ലഭ്യമാകും.

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

വോട്ടു ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം, താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിനു കിഴില്‍ (എന്‍.പി.ആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ.) നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, പബ്ലിക് ലിമിറ്റഡ്  കമ്പനികളുടെ ജീവനക്കാര്‍ക്കു നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണമന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളായി ഉപയോഗിക്കാം.

പരസ്യപ്രചാരണം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.

മദ്യനിരോധനം

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് വൈകിട്ട് ആറു മുതല്‍ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് ആറു വരെ ഡ്രൈഡേ ആയി പ്രഖ്യാപിക്കും. വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും സമാധാനപരമായി നടത്തുന്നതിനും പൊതുജനങ്ങളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ത്ഥികളും എല്ലാ സഹകരണവും നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അഭ്യത്ഥിച്ചു.  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

 

date