Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ: അച്ചടി ജോലി ഏൽപ്പിക്കുന്നവരിൽ നിന്നും നിർബന്ധമായും സത്യവാങ്മൂലം വാങ്ങിയിരിക്കണം- ജില്ലാ കളക്ടർ

നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ അച്ചടിക്കാൻ ഏൽപ്പിക്കുന്നവരിൽ നിന്നും അച്ചടിശാല ഉടമസ്ഥരും മാനേജർമാരും നിർബന്ധമായും സത്യവാങ്മൂലം വാങ്ങിയിരിക്കണം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. 

ജില്ലയിലെ നിയമസഭാ  മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ  അഥവാ സ്ഥാനാർത്ഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയപാർട്ടികളോ പോസ്റ്ററുകൾ, ബാനറുകൾ, മറ്റു പ്രചാരണ സാമഗ്രികൾ  എന്നിവ അച്ചടിക്കാൻ സമീപിക്കുമ്പോൾ 
 അവരിൽ നിന്നുമാണ്  നിർബന്ധമായും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടത്.

   
അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ  നിയമസഭാ മണ്ഡല പരിധിയിലുള്ള മുഴുവൻ അച്ചടിശാല ഉടമസ്ഥരും മാനേജർമാരും ഈ നിർദ്ദേശം പാലിക്കണം.

അച്ചടിക്കുന്ന സാമഗ്രികളിൽ അച്ചടിശാലയുടെ പേര്, പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

അച്ചടി പൂർത്തിയാക്കി മൂന്ന് ദിവസത്തിനകം  പ്രചാരണ സാമഗ്രികളുടെ രണ്ട് കോപ്പികളും സത്യവാങ്മൂലത്തിന്റെ പകർപ്പും അതത് നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർക്ക് സമർപ്പിക്കേണ്ടതാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date