നിയമസഭ തിരഞ്ഞെടുപ്പ്: മൈക്ക് അനൗൺസ്‌മെന്റിന് മുൻകൂർ അനുമതി വാങ്ങണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ മൈക്ക് അനൗൺസ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങണം. മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങൾക്ക് കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകുക.
സ്ഥാനാർത്ഥികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സുവിധ' ആപ്പ് വഴി മൈക്ക്, ഉച്ചഭാഷിണി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ആപ്പിൽ അതത് നിയോജക മണ്ഡലങ്ങളുടെയും പൊലീസ് സ്റ്റേഷനുകളുടെയും പേരുകൾ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. പൊലീസിൻ്റെ റിപ്പോർട്ടോടു കൂടിയാണ് ഓരോ നിയോജക മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട വരണാധികാരികൾക്ക് (ആർ ഒ) അപേക്ഷ സുവിധ പോർട്ടലിൽ ലഭിക്കുന്നത്. പൊലീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വരണാധികാരി രാഷ്ട്രീയ പാർട്ടികൾക്ക് മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണത്തിന് അനുമതി നൽകും.
അനുമതിയുടെ അടിസ്ഥാനത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം ക്രമസമാധാന ലംഘനം, ശബ്ദമലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന സാഹചര്യത്തിൽ, ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയിട്ടുള്ള ലൈസൻസ് പിൻവലിക്കുകയും നിയമപരമായ മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യും.
- Log in to post comments