Skip to main content

*നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കം*

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. സെന്റ് പാട്രിക്സ് ഹൈസ്‌കൂളില്‍ നടന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ പരിശീലനത്തില്‍ 352 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ-സംസ്ഥാന തലത്തിലുള്ള 15 മാസ്റ്റര്‍ ട്രൈനര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍, ഇവിഎം-വി.വി പാറ്റ് ഉപകരണങ്ങളുടെ ഉപയോഗം, വോട്ടെടുപ്പ് ദിനത്തിലെ ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. തെരഞ്ഞെടുപ്പ് ഓഫീസറയ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പരിശീലന കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പരിശീലന പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിച്ച കളക്ടര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനന്തവാടി നിയോജക മണ്ഡലത്തിലെ പരിശീലനം ഇന്നും (മാര്‍ച്ച് 25) തുടരും.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നാളെ (മാര്‍ച്ച് 26) കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും രണ്ട് ബാച്ചുകളായി പരിശീലനം നല്‍കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 27ന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ഇതേ സമയക്രമത്തില്‍ പരിശീലനം നടക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി മാര്‍ച്ച് 29ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം നടത്തും.

രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ ഒന്നിന് മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലും, ഏപ്രില്‍ രണ്ടിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും ഏപ്രില്‍ മൂന്നിന് കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളിലും നടക്കും. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഏപ്രില്‍ 4ന് രാവിലെ 9.30 മുതല്‍ ഒരു മണി വരെ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം നല്‍കും.

date