Skip to main content

ജില്ലയിലെ ബേക്കറികളില്‍ പരിശോധന : 1.60 ലക്ഷം പിഴയിട്ടു

ജില്ലയിലെ ബേക്കറികളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.60 ലക്ഷം രൂപ പിഴയിട്ടു. ക്രിസ്തുമസ്, പുതുവത്സരത്തിന് മുന്നോടിയായി ഡിസംബര്‍ 10 മുതല്‍ 22 വരെയാണ് ബേക്കറി യൂനിറ്റുകളും വിപണന കേന്ദ്രങ്ങളും പരിശോധിച്ചത്. 25 സ്ഥാപനങ്ങളില്‍ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്. 250 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 87 എണ്ണത്തിന് നോട്ടീസ് നല്‍കുകയും എട്ടിടങ്ങളില്‍ നിന്നും പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയിലുള്ള വസ്തുക്കള്‍ ചേര്‍ക്കുക, കൃത്രിമ നിറം ധാരാളമായി ചേര്‍ക്കുക, വൃത്തി ഹീനമായ സാഹചര്യത്തില്‍ നിര്‍മാണം നടത്തുക എന്നിവ നടത്തിയ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. മാനദണ്ഡം പാലിക്കാത്ത രീതിയില്‍ നിര്‍മാണം നടത്തുന്ന യൂനിറ്റുകളും പരിശോധനയില്‍ കണ്ടതായി ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. കേക്ക് നിര്‍മാണ യൂനിറ്റുകളിലായിരുന്നു പ്രധാനമായും പരിശോധന.
തൃശൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വികെ പ്രദീപ് കുമാര്‍, കോഴിക്കോട് അസി. കമ്മീഷനര്‍ പികെ എലിയമ്മ, ചാലക്കുടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.യു. ഉദയശങ്കര്‍ എന്നിവരുടെ കീഴില്‍ മൂന്ന് വിഭാഗങ്ങളായാണ് പരിശോധന നടത്തിയത്.  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ അര്‍ഷിദ ബഷീര്‍, എ സരിത, അരുണ്‍ പി കാര്യാട്ട്, എസ് റാണി മോണിക, രേഖ മോഹന്‍, മിന്‍സി ടി പോള്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ബേക്കറി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക
* ക്രിസ്തുമസ് കേക്ക് വാങ്ങുമ്പോള്‍ കൃത്യമായി പാക്ക് ചെയ്തത് വാങ്ങിക്കുവാന്‍ ശ്രദ്ധിക്കുക
* ഉത്പാദകരുടെ പേര്, വിലാസം എന്നിവ പരിശോധിക്കുക
* പാക്കിങ് തീയതി, അവസാന തീയതി എന്നിവ കൃത്യമായി പരിശോധിക്കുക. വിശദാംശങ്ങള്‍ ഇല്ലാത്തത് വാങ്ങിക്കാതിരിക്കുക
* അമിതമായി നിറം ചേര്‍ത്തതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ ഉത്പന്നം വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* കടകളില്‍ തുറന്ന് വച്ചിരിക്കുന്ന ബേക്കറി സാധനങ്ങള്‍ വാങ്ങി കഴിക്കാതിരിക്കുക

 

date