Skip to main content

ഒഴൂര്‍ പറപ്പാറപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു 2.29 കോടിയുടെ കെട്ടിടത്തിന് മന്ത്രി ശിലയിടും

 

ഒഴൂര്‍ പറപ്പാറപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം വരുന്നു. 2.29 കോടി രൂപ ചെലവില്‍ ഇരുനില കെട്ടിടമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഒരുക്കുന്നത്. ഡിസംബര്‍ 29ന് രാവിലെ 10.30ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ കെട്ടിടത്തിന് ശിലയിടും. പ്രതിദിനം 350ലധികമാളുകള്‍ ആശ്രയിക്കുന്ന ഒഴൂര്‍ പറപ്പാറപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം വേണമെന്ന് ആവശ്യപ്പെട്ട് വി അബ്ദുറഹ്മാന്‍ എം.എല്‍.എ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.29കോടി രൂപ  ചെലലവിലാണ് നിര്‍മ്മാണം. ഒരു വര്‍ഷത്തിനകം പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം. രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമെ 12 ലധികം ജീവനക്കാരുള്ള പ്രാഥമികാരോഗ്യ കേന്ദ്രം നിലവില്‍ കാലപ്പഴക്കം ചെന്ന വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന പഞ്ചായത്ത് അധികൃതരുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് പുതിയ കെട്ടിടത്തിനാണ് എം.എല്‍.എ ആരോഗ്യവകുപ്പിന് പ്രൊപ്പോസല്‍ നല്‍കിയത്. ഇതിന് അംഗീകാരം ലഭിക്കുകയും പുതിയ കെട്ടിടം ഒരുക്കാന്‍ അവസരമൊരുങ്ങുകയുമായിരുന്നു. ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രിക്കൊപ്പം വി അബ്ദുറഹ്മാന്‍ എം.എല്‍.എ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date