എടയാർ തീപ്പിടിത്തം: പ്രത്യേക യോഗം ചേർന്നു
എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ
ഒരാൾ മരിച്ച സംഭവത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകുന്നതിനും, അദ്ദേഹത്തിൻ്റെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതിനും, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകുന്നതിനും ഓയിൽ കമ്പനി മാനേജ്മെന്റിന് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഇതുകൂടാതെ നിയമപ്രകാരമുള്ള എല്ലാ അനുകൂലങ്ങളും നഷ്ടപരിഹാരങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഓയിൽ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്, പ്രഥമ ദൃഷ്ടിയിൽ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടുത്ത 10 ദിവസത്തിനുള്ളിൽ ജില്ലയിലെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കാക്കനാട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പു ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments