അച്ചടി പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം- ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പും വോട്ടെടുപ്പ് ദിവസവും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടിമാധ്യമങ്ങളില്നല്കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്ട്ടിഫിക്കേഷന് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിനും തലേദിവസമായ ഏപ്രില്‍ എട്ടിനും പത്രങ്ങളില്‍ പരസ്യം നല്കാന് ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളും വ്യക്തികളും സമിതിയുടെ അംഗീകാരം വാങ്ങിയിരിക്കണം. പരസ്യം നല്കാന്നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും കലക്ടറേറ്റിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം.
രാജ്യത്തിന്റെ സാമുദായികവും സാമൂഹികവുമായ ഐക്യത്തെ ബാധിക്കുന്നതോ മറ്റ് രാജ്യങ്ങളെ വിമര്‍ശിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ പരസ്യങ്ങളില്‍ പാടില്ല. വ്യക്തിപരമായഅധിക്ഷേപങ്ങള്, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍, കോടതിക്കോ രാഷ്ട്രപതിക്കോ ജുഡീഷ്യറിക്കോ എതിരായ പരാമര്‍ശങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കൂടാതെ മതസ്ഥാപനങ്ങളുടെ ചിത്രങ്ങളോ മതചിഹ്നങ്ങളോ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല.
ദൃശ്യ-ശ്രവ്യ-നവമാധ്യമങ്ങളിലൂടെ നല്കുന്ന പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്ട്ടിഫിക്കേഷന് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നല്കുന്ന പരസ്യസ്വഭാവമുള്ള പോസ്റ്റുകള്‍, റേഡിയോ പരസ്യങ്ങള്‍, ബള്‍ക്ക് എസ് എം എസുകള്‍ എന്നിവയ്ക്കും അനുമതി വേണം. നിശ്ചിത ഫോമിലാണ് കമ്മിറ്റി മുമ്പാകെ അനുമതി തേടേണ്ടത്.
ചട്ടങ്ങള്‍ക്ക് അനുസൃതമായവയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. നിര്‍ദ്ദിഷ്ട ഫോമിലുള്ള അപേക്ഷയോടൊപ്പം ഉള്ളടക്കം അടങ്ങിയ പെന്‍ഡ്രൈവ്, സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റ് എന്നിവയും ഹാജരാക്കണം. ഉത്തരവ് മറികടക്കുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
- Log in to post comments