Skip to main content

98.11 ശതമാനം പോളിങ്ങോടെ ജില്ലയിൽ വീട്ടില്‍ വോട്ട് പൂർത്തിയായി; വീട്ടില്‍ വോട്ട് ചെയ്തത് 6679 പേർ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തു

 

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ്  2026  മായി ബന്ധപ്പെട്ട്  കാസര്‍കോട്  ജില്ലയില്‍ വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടിലെ വോട്ട് 'സേവനം പൂർത്തിയായി. ജില്ലയിൽ  വീട്ടില്‍ വോട്ട് ചെയ്തത് 6679 പേർ.  98.11 %  പോളിങ്ങാണ് രേഖപ്പെടുത്തിയത് .

ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരം. ജില്ലയില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 3189 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 3490 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു.

 മഞ്ചേശ്വരത്ത്  നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 341 പേരും ഭിന്നശേഷിക്കാരായ 642 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 344 പേരും ഭിന്നശേഷിക്കാരായ 540 പേരും ഉദുമ നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 648 പേരും ഭിന്നശേഷിക്കാരായ 879 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 923 പേരും ഭിന്നശേഷിക്കാരായ 718 പേരും വീട്ടില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 933 പേരും ഭിന്നശേഷിക്കാരായ 711 പേരും വീട്ടില്‍ വോട്ട് ചെയ്തു.

 രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്. റാന്‍ഡമൈസേഷന്‍ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28 ഉം, കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്. 

85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്. മരണപ്പെട്ടവര്‍, സ്ഥലം മാറ്റം, മറ്റ് അസൗകര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ചില വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് സേവനം പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്ന് നോഡല്‍ ഓഫീസര്‍ സുനില്‍ എം നായര്‍ പറഞ്ഞു.

 

date