തൃശൂര്‍പൂരം: ചൂടിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കും
ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൂരം വീക്ഷിക്കാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, നിര്‍ജ്ജലീകരണം പോലെയുള്ള അപകടങ്ങള്‍ പ്രതിരോധിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആനകള്‍ക്ക് ചൂടില്‍ നിന്ന് സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ആനകള്‍ക്ക് യഥേഷ്ടം നല്‍കണമെന്നും ഇടയ്ക്കിടെ തറ നനച്ചു കൊടുക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.
ശരീരത്തില്‍ ജലനഷ്ടം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇതു സംബന്ധിച്ച ബോധവത്കരണം നല്‍കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. അത്യാഹിത സാഹചര്യങ്ങളുണ്ടായാല്‍ പ്രഥമശുശ്രൂഷ നല്‍കാനും ആംബുലന്‍സ് സേവനം തടസമില്ലാതെ നടത്താനും ആരോഗ്യവകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൂരം ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്ക് തണലത്ത് നില്‍ക്കാനുള്ള സൗകര്യങ്ങള്‍ പരമാവധി ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ ദേവസ്വം അധികൃതരോട് നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മേളമാസ്വദിക്കാനും കുടമാറ്റം കാണാനും സൗകര്യമൊരുക്കണമെന്ന് കളക്ടർ സാമൂഹ്യനീതി ഓഫീസർക്ക് നിർദേശം നൽകി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യുട്ടി കളക്ടര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം അധികൃതര്‍, ദേവസ്വം കമ്മിഷണര്‍, വനിതാ ശിശു വികസന ഓഫീസര്‍, പെസോ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments