സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികം: ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണം നാളെ (ശനി) നടക്കും
കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണം ഏപ്രില്‍ 18ന് രാവിലെ 11 ന് മലപ്പുറം എല്‍.എസ്.ജി.ഡി ഹാളില്‍ നടക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാ എന്‍.എസ്.എസ്- കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മണമ്പൂര്‍ രാജന്‍ ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി. ഒലീന, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ് , ജില്ലാ എന്‍.എസ്.എസ് - കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മുഹമ്മദ്, വിവിധ ഉദ്യോഗസ്ഥര്‍, ചേലക്കോടന്‍ ആയിഷുമ്മയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ 10ന് മലപ്പുറം-പെരിന്തല്‍മണ്ണ റോഡിലെ പെട്രോള്‍ പമ്പ് പരിസരത്ത് നിന്ന് വിളംബര റാലിക്ക് തുടക്കമാകും. തുടര്‍ന്ന് സാക്ഷരതാ പ്രഖ്യാപനത്തിന്റെ സ്മരണയ്ക്കായി മലപ്പുറം ടൗണ്‍ സര്‍ക്കിളില്‍ നിന്ന് 35 ബലൂണ്‍ പറത്തല്‍, ജലദിനം ക്വിസ് വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, വിരമിക്കുന്ന പ്രേരക്മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവ നടക്കും.
- Log in to post comments