Skip to main content

സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം: 35-ാം വാർഷിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാർഷിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പരിപാടിയുടെ ഭാഗമായി സാക്ഷരതാ പ്രേരക്മാർ 35 ദീപങ്ങൾ ജ്വലിപ്പിച്ചു.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രവർത്തനം കേവലം അക്ഷരങ്ങളിൽ ചുരുങ്ങേണ്ടതല്ലെന്നും ഭരണഘടന സംബന്ധിച്ച അറിവിലേക്കും ഡിജിറ്റൽ സാക്ഷരതയിലേക്കും അറിവിന്റെ ശരിയായ തിരഞ്ഞെടുപ്പിലേക്കും അത് വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു. ജില്ലാ വിമൻ എംപവർമെന്റ് ഓഫീസർ ബിൻസിമോൾ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ റ്റി.എസ്. അജിമോൻ സാക്ഷരതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ദീപ ജെയിംസ്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി.വി. വിനോദ്, ജില്ലാ സാക്ഷരതാ മിഷൻ അസി. കോ-ഓർഡിനേറ്റർ എസ്. ലേഖ, അസി. ഇൻഫർമേഷൻ ഓഫീസർ പി.എസ്. സജിമോൻ, ജെ.ഡി. ഓഫീസ് പ്രതിനിധി രാജേഷ് കുമാർ,ആലപ്പുഴ വികസന വിദ്യാ കേന്ദ്രം പ്രേരക് എം. ഉഷ എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജീവനക്കാരി എസ്. മഞ്ജു സാക്ഷരതാ ഗാനം ആലപിച്ചു. സാക്ഷരതാ മിഷൻ  പ്രേരക് ആയിരുന്ന പി.കെ. വിനോദിനെ ചടങ്ങിൽ ആദരിച്ചു.  

പത്താംതരത്തിൽ ഏറ്റവും കൂടുതൽ പഠിതാക്കളെ രജിസ്റ്റർ ചെയ്ത പാണാവള്ളി പഞ്ചായത്തിലെ പ്രേരക് സണ്ണി ജോൺ, ഹയർസെക്കൻഡറിയിൽ കൂടുതൽ പഠിതാക്കളെ രജിസ്റ്റർ ചെയ്ത കായംകുളം മുൻസിപ്പാലിറ്റിയിലെ പ്രേരക് സുമയ്യ എന്നിവരെയും ആദരിച്ചു.ജില്ലയിലെ സെന്റർ കോ ഓർഡിനേറ്റർമാരും, ചേർത്തല എൻഎസ്എസ് കോളേജിൽ നിന്നും ഇന്റേൺ ഷിപ്പിനായി സാക്ഷരതാ മിഷനിൽ എത്തിയിട്ടുള്ള വിദ്യാർഥികളും പരിപാടിയിൽ പങ്കാളികളായി. ഏപ്രിൽ 19 ന് ജില്ലയിലെ 21 പഠനകേന്ദ്രങ്ങളിലും സാക്ഷരത പ്രഖ്യാപന ദിനാചരണ പരിപാടികൾ നടക്കും.

date