സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനമാചരിച്ചു
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചാമത് കേരള സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന ദിനാചാരണം നടത്തി. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി കളക്ടർ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
1991 ഏപ്രിൽ 18നാണ് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഇന്ന് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയും കാഴ്ച പരിമിതരായവർക്ക് ബ്രെയ്‌ലി സാക്ഷരത പദ്ധതി, ഇതര സംസ്ഥാന തൊഴിലാളികളെ മലയാളത്തിൽ സാക്ഷരർ ആക്കുന്നതിനുള്ള ചങ്ങാതി പദ്ധതി, പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നവ ചേതന പദ്ധതി, മലയാളം പഠിക്കുന്നതിനായി പച്ച മലയാളം കോഴ്സ് തുടങ്ങിയ നൂതന പദ്ധതികളും നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർസക്കന്ററി തുല്യത കോഴ്സുകളും ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ വി.വി ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ മുതിർന്ന സാക്ഷരത പ്രേരകയായ താന്ന്യം പഞ്ചായത്തിലെ കെ.ബി ഷീലയെ ആദരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ടി സബിത, സാക്ഷരതാ മിഷൻ ബ്ലോക്ക് തല നോഡൽ പ്രേരക്മാരായ വനജ റാഫി, പ്രിയ മണികണ്ഠൻ എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.എം സുബൈദ സ്വാഗതവും ജില്ലാ സാക്ഷരത മിഷൻ പ്രതിനിധി പ്രബിത നന്ദിയും പറഞ്ഞു.
- Log in to post comments