കുടുംബശ്രീയുടെ കരുത്തിൽ വിഷു വിപണിക്ക് മികച്ച നേട്ടം
വിഷു കാലയളവിൽ ജില്ലയിൽ നടന്ന കാർഷിക ഉൽപ്പാദന-വിപണന പ്രവർത്തനങ്ങൾ ശ്രദ്ധേയമായ നേട്ടത്തോടെ സമാപിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലാകെ 16 ബ്ലോക്കുകളിലായി 320 വിഷു ചന്തകൾ സംഘടിപ്പിച്ചു. 93 സി.ഡി.എസ് യൂണിറ്റുകളിൽ നിന്നായി ഏകദേശം 800 ജോയിൻ്റ് ലൈബിലിറ്റി ഗ്രൂപ്പുകൾ (ജെ എൽ ജി ) മേളയിൽ പങ്കെടുത്തു. ചന്തകളിലൂടെ 35,845 കിലോഗ്രാം പച്ചക്കറികൾ വിറ്റഴിച്ചു. ഇതിലൂടെ ഏകദേശം 19.59 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. കണിവെള്ളരിക്ക് വിപണിയിൽ മികച്ച ആവശ്യകത ലഭിച്ചു. 7,952 കിലോഗ്രാം കണിവെള്ളരി വിൽപ്പന നടത്തി ഏകദേശം 5.60 ലക്ഷം രൂപയുടെ വരുമാനം നേടാനായി. അതോടൊപ്പം, കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ 1,019 കിലോഗ്രാം വിപണനം ചെയ്തത് 1.29 ലക്ഷം രൂപ സമാഹരിച്ചു.
വിഷുക്കണിക്കായി ആവശ്യമായ കണിവെള്ളരി, തണ്ണിമത്തൻ, പൊട്ടുവെള്ളരി, ചക്ക, മാങ്ങ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കായിരുന്നു വിപണിയിൽ കൂടുതൽ ആവശ്യകത. ആകെ 47,774 കിലോഗ്രാം കണി സാധനങ്ങൾ വിൽപ്പന നടത്തി. ജെ എൽ ജി കൂട്ടായ്മയായ സമൃദ്ധി ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ചു. കൂടാതെ ചീര, മാങ്ങ, ചക്ക, തേങ്ങ എന്നിവയുടെ വിൽപ്പനയിലൂടെ അധിക വരുമാനവും നേടി. കൂട്ടായ കൃഷിയും തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യമാക്കി നടത്തിയ വിഷു ചന്ത പ്രവർത്തനം കർഷകർക്കും വനിതകൾക്കും വലിയ പ്രചോദനമായി.
- Log in to post comments