Skip to main content

തൃശ്ശൂർ പൂരം; ആനകളുടെ സുരക്ഷാ മുന്നൊരുക്കങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷാ മുൻകരുതലുമായി മൃഗസംരക്ഷണ വകുപ്പ്. പൂരത്തിന്റെ തലേദിവസമായ 25ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി പൂരത്തിന് അണിനിരക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധിച്ചു നൽകുന്നതിനായി 50 വെറ്ററിനറി ഡോക്ടർമാരെയും പാരാ വെറ്ററിനറി ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. സംസ്ഥാന വനം വകുപ്പുമായി ചേർന്നുള്ള സംയുക്ത പരിശോധനയാണ് നടത്തുന്നത്. ആനകളുടെ വിശദവിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ഡാറ്റ ബുക്കും ഇൻഷുറൻസും അടക്കമുള്ള രേഖകൾ വനം വകുപ്പ് പരിശോധിച്ചതിനുശേഷം ഫിറ്റ്നസ് പരിശോധന ആരംഭിക്കും.  

കടുത്ത വേനലും ഉഷ്ണ തരംഗ മുന്നറിയിപ്പുമുള്ളതിനാൽ ആനകളുടെ പരിപാലനത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നും തണുപ്പ് നിലനിർത്തുന്നതിനായി നിലത്ത് ചാക്ക് വിരിച്ച് ഇടയ്ക്കിടെ വെള്ളം നനയ്ക്കുന്നതിനും മതിയായ വിശ്രമം, കുടിവെള്ളം ഭക്ഷണത്തിൽ ആവശ്യമായ തണ്ണിമത്തൻ, വെള്ളരി, അടക്കമുള്ള പഴവർഗങ്ങൾ ഉൾപ്പെടുത്തി നൽകണമെന്ന നിർദേശവും ദേവസ്വങ്ങൾക്ക് നൽകിയിട്ടുണ്ട്. തൃശൂർ പൂരം എഴുന്നള്ളിപ്പിന് ആനകൾ ശാരീരികമായും മാനസികമായും തയ്യാറാണോ എന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ഇരിപ്പ്, നടപ്പ് അനുസരണ എന്നിവയും പരിശോധിക്കും. ശരീരത്തിൽ മുറിവുകളോ വ്രണങ്ങളോ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കുന്നതായിരിക്കും. തൃശൂർ പൂരത്തിലും മറ്റു പ്രധാനപ്പെട്ട പൂരങ്ങളിലും പങ്കെടുത്ത പരിചയം, ആനകളുടെ മദപ്പാട് കാലം, അനുസരണ, പാപ്പാന്മാരുടെ ലൈസൻസ് എന്നിവ അടങ്ങിയ പ്രത്യേക ചോദ്യാവലി പാപ്പന്മാർക്കായി തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.

26,27 ദിവസങ്ങളിലായി നടക്കുന്ന തൃശൂർ പൂരത്തിന് ജില്ലയിലെ എലഫന്റ് സ്ക്വാഡ് പ്രവർത്തനസജ്ജമാണെന്നും തിരുവമ്പാടി വിഭാഗത്തിന്റെ ചുമതല ഡോ. ഡീന ആന്റണിക്കും പാറമേക്കാവ് വിഭാഗത്തിന്റെ ചുമതല  ഡോ.ഐസക് സാമിനുമായിരിക്കുമെന്നും, അത്യാവശ്യഘട്ടങ്ങളിൽ മയക്കുവെടി വെയ്ക്കുന്നതിനായി വിദഗ്ധരായ ഡോ.കെ. വിവേക്, ഡോ. യു.ഗിരീഷ് എന്നിവരുടെ സേവനവും ലഭ്യമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി .എം.ഹാരിസ് അറിയിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി  ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ തിരുവമ്പാടിയിലുള്ള എക്സ്റ്റൻഷൻ സെന്റർ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമായി പ്രവർത്തിക്കും.

തൃശൂർ പൂരത്തിന്റെ ആദ്യ ചടങ്ങായ തെക്കേഗോപുരനട തുറക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന ആനയെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ടോക്കനും ഡോ. വി എം ഹാരിസ് കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്  രവീന്ദ്രന് കൈമാറി. ഡോ.ഐസക് സാം, ഡോ. വിവേക്, ഡോ. ഡീന ആന്റണി, ഡോ. അനീഷ് രാജ്, ഡോ. സുമി ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് ആനയെ പരിശോധിച്ചത്.

date