മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം: കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം : ജില്ലാ കളക്ടര്‍ *പ്രതികൂല കാലാവസ്ഥയിൽ അധികൃതർ പറയുന്ന സമയത്ത് ഭക്തർ തിരിച്ചിറങ്ങണം
മെയ് ഒന്നിന് നടക്കുന്ന
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ ഭാഗമായെത്തുന്ന ഭക്തര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനിടയുള്ളതിനാല്‍ ഉച്ചയോടെ തിരിച്ചുള്ള യാത്ര ഉറപ്പാക്കണം. കനത്ത മഴ ക്ഷേത്രത്തിലേക്കുള്ള വഴികളില്‍ വാഹനയാത്ര അസാധ്യമാക്കുന്ന സാഹചര്യമുണ്ടാക്കും. കാലാവസ്ഥാ മുന്നിറിയിപ്പുകള്‍ പ്രതികൂലമാണെങ്കില്‍ ജില്ലാഭരണകൂടം നിര്‍ദേശിക്കുന്ന സമയത്ത് ഭക്തര്‍ തിരിച്ചിറങ്ങാന്‍ തയ്യാറാകണമെന്നും കളക്ടര്‍ അറിയിച്ചു.
ക്ഷേത്രത്തിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. കുമളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകള്‍ക്ക് രാവിലെ 5.30 മുതല്‍ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കണം. ട്രിപ്പ് ജീപ്പുകള്‍ക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കും കുമളി ബസ് സ്റ്റാന്‍ഡില്‍ നാല് കൗണ്ടറുകള്‍ നാളെ (ഏപ്രിൽ 30) കൂടി പ്രവര്‍ത്തിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകള്‍ക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്. ഉത്സവദിവസം സത്രം, ഒട്ടകതല തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ജീപ്പ് സഫാരി അനുവദിക്കില്ല.
- Log in to post comments