ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽ ഇന്ന് (4)
ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് (4) മൂന്നു കേന്ദ്രങ്ങളായി നടക്കും. 9 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടുകളാണ് എണ്ണുന്നത്.
102-അരൂർ, 103-ചേർത്തല , 104-ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിലും, 105-അമ്പലപ്പുഴ, 106-കുട്ടനാട് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആലപ്പുഴ എസ്.ഡി കോളേജിലും, 107-ഹരിപ്പാട്, 109-മാവേലിക്കര, 108-കായംകുളം, 110-ചെങ്ങന്നൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണല് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും നടക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. മൂന്ന് കേന്ദ്രങ്ങളിലായാണ് 9 നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ആറരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. രണ്ട് റൗണ്ട് പോസ്റ്റൽ ബാലറ്റുകൾ എണ്ണി അതിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചനകൾ അറിയാം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളിലെ അവസാന രണ്ട് റൗണ്ടുകൾ എണ്ണുകയുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണലിന് നേതൃത്വം നൽകുന്നത് റിട്ടേണിംഗ് ഓഫീസർമാരാണ്.
വോട്ടെണ്ണൽ നടക്കുന്ന എല്ലാ മേശകളും കാണത്തക്ക രീതിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിംഗ് സ്റ്റേഷനുകളിലെ വി.വി. പാറ്റ് സ്ലിപ്പുകളാണ് എണ്ണുക.
നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകൾ തെരഞ്ഞെടുക്കുക.
- Log in to post comments