കാനേഷുമാരി നടപടികളുമായി പൊതുജനങ്ങൾ സഹകരിക്കണം : ജില്ലാ കളക്ടർ
കേരളത്തിൽ 2026-ലെ സെൻസസ് (കാനേഷുമാരി) നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ
ജൂൺ 16 മുതൽ 15 ദിവസത്തെ സെൽഫ് എന്യുമറേഷനുമായി പൊതു ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന്
പ്രിൻസിപ്പൽ സെൻസസ് ചാർജ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അഭ്യർത്ഥിച്ചു.
ഈ കാലയളവിനു ശേഷം, ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് പ്രധാന സെൻസസ് നടപടികൾ നടക്കുക.
ഏറ്റവും താഴ്ന്ന ഭരണ യൂണിറ്റുകളായ ഗ്രാമങ്ങൾ, വാർഡുകൾ എന്നിവ അടിസ്ഥാനമാക്കി ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക ഉറവിടമാണ് സെൻസസ്. ഭവന സ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പ്രവർത്തനം, മതം, സാക്ഷരത, കുടിയേറ്റം തുടങ്ങിയ വിവിധ മേഖലകളിലെ വിവരശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആസൂത്രണത്തിനും ഫലപ്രദമായ പൊതുഭരണത്തിനും സെൻസസ് ഡാറ്റ അത്യന്താപേക്ഷിതമാണ്.
പാർലമെന്റ്, അസംബ്ലി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ മണ്ഡല അതിർത്തി നിർണ്ണയത്തിനും സംവരണത്തിനും ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.
സെൻസസ് നിയമം 1948 പ്രകാരം പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
സെൻസസ് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഓരോ വ്യക്തിയും നിയമപരമായി ബാധ്യസ്ഥനാണ്. എന്നാൽ, കുടുംബത്തിലെ സ്ത്രീകളുടെ പേരോ, ഭർത്താവിന്റെ പേരോ വെളിപ്പെടുത്താൻ ആചാരപരമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.
വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥർക്ക് വീടുകളിലോ സ്ഥാപനങ്ങളിലോ പ്രവേശനം അനുവദിക്കേണ്ടതാണ്. സെൻസസ് ആവശ്യങ്ങൾക്കായി അടയാളങ്ങളോ നമ്പറുകളോ പതിപ്പിക്കാൻ അവരെ അനുവദിക്കണം.
സെൻസസ് ഉദ്യോഗസ്ഥർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. നിയമപരമായ നടപടികൾക്കല്ലാതെ ഇവ സിവിൽ-ക്രിമിനൽ കേസുകളിൽ തെളിവായി ഉപയോഗിക്കാൻ കഴിയില്ല.
സെൻസസ് നടപടികൾ തടസ്സപ്പെടുത്തുന്നവർക്കോ, മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകുന്നവർക്കോ 1000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന സെൻസസ് ഉദ്യോഗസ്ഥർക്കും ഇതേ നിയമപ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാൻ വ്യവസ്ഥയുണ്ട്.
കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകി സെൻസസ് നടപടികളുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
- Log in to post comments