Skip to main content

പള്ളിക്കല്‍ പഞ്ചായത്തില്‍ 12 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് അംഗീകാരം

 

 

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന 12 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 211 പദ്ധതികളാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് നടപ്പിലാക്കുന്നത്. 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കൃഷി, ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം, വനിതാഘടക പദ്ധതികള്‍, വയോജന പരിപാലനം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ഉല്‍പ്പാദന മേഖലയില്‍ 20 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി 2,20,04488 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 3,29,25,025 രൂപയുടെ 56 പദ്ധതികളാണ് സേവനമേഖലയില്‍ നടപ്പിലാക്കുന്നത്. 106 പശ്ചാത്തല മേഖല പദ്ധതികള്‍ക്കായി 4,79,24,272 രൂപയും നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ മാറ്റിവെച്ചിട്ടുണ്ട്. 34 പട്ടികജാതി ഉപപദ്ധതികളാണുള്ളത് ഇതിനായി 2,03,37,000 രൂപയും, പട്ടികവര്‍ഗ  അഞ്ച് ഉപപദ്ധതികള്‍ക്കായി 2,60,000 രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. വനിതാഘടക പദ്ധതിയില്‍ കുടുംബശ്രീ വനിതകള്‍ക്ക് സ്വയംതൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 10ലക്ഷം രൂപയും വനിതകള്‍ക്ക് ഹോളോബ്രിക്സ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ആറ് ലക്ഷം രൂപയും നിര്‍ഭയ സ്ത്രീ സുരക്ഷ പരിശീലനത്തിനായി മൂന്ന് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്കായി പകല്‍പരിപാലന കേന്ദ്രം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍പരിശീലനം, മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ക്കായി ഏഴ് ലക്ഷം രൂപയും വാര്‍ഷികപദ്ധതിയില്‍ നീക്കിവെച്ചിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി പറഞ്ഞു.

date