സ്കൂള്‍ തുറപ്പ്: സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി
ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആലപ്പുഴ ജോയിന്റ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് നടന്നത്. 98 വാഹനങ്ങള്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 64 വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായി. ചെറിയ അപാകതകളുള്ള 34 വാഹനങ്ങൾ ടെസ്റ്റ് പാസ്സായില്ല. ഇവയുടെ അപാകത തീർത്ത് അടുത്ത ദിവസം ഫിറ്റ്നസ്സിന് ഹാജരാക്കാൻ നിർദേശിച്ചു. പാസ്സായ വാഹനങ്ങള്‍ക്ക് മുന്‍പിലത്തെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ചു നല്കി. ഇതോടൊപ്പം സുരക്ഷ ബോധവത്കരണത്തിനായി ഈ മാസം 23ന് ക്ലാസ്സ് സംഘടിപ്പിക്കും. ജോയിന്റ് ആര്.ടി.ഒ വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം എംവിഐ വൈ ജയചന്ദ്രൻ, എഎംവിഐമാരായ സിജു ജോസഫ്, എസ് ശ്രീറാം, ജോബിൻ എം ജേക്കബ്, സി ചന്ദ്രലാൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
- Log in to post comments