ഡെങ്കിപ്പനി പ്രതിരോധം: സിവിൽ സ്റ്റേഷനിലും താലൂക്ക് ഓഫീസുകളിലും ഇന്ന് 'ഡ്രൈ ഡേ'
ദേശീയ ഡെങ്കിപ്പനി പ്രതിരോധ ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകി.
ഇതിൻ്റെ ഭാഗമായി ഇന്ന് (മെയ് 16) രാവിലെ 10.30 മുതൽ ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളിൽ 'ഡ്രൈ ഡേ' ആചരിക്കും. സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, വിവിധ താലൂക്ക് ഓഫീസുകൾ തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
'എൻ്റെ ഓഫീസ് ഉറവിട വിമുക്തം' എന്ന മുദ്രാവാക്യമുയർത്തി ഓഫീസിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി എല്ലാ ശനിയാഴ്ചകളിലും സമാനമായ രീതിയിൽ പരിശോധനകൾ നടത്താനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഴക്കാലം മുന്നിൽക്കണ്ട് കൊതുക് നശീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസ് മേധാവികളും ജീവനക്കാരെ ഏകോപിപ്പിച്ച് നിശ്ചിത സമയത്തിനുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
- Log in to post comments