ദേശീയ പഞ്ചായത്ത് പുരസ്‌കാര നിറവിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രഖ്യാപിച്ച 2025-ലെ ദേശീയ പഞ്ചായത്ത് അവാർഡുകളിലും 2026-ലെ സ്‌പെഷ്യൽ കാറ്റഗറി അവാർഡുകളിലും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉജ്ജ്വല നേട്ടം. വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനമടക്കം അഞ്ച് പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കരസ്ഥമാക്കിയത്.
2023-24 കാലയളവിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മികച്ച 42 തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ നാല് സ്ഥാപനങ്ങൾ ഇടംപിടിച്ചത്. കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സുസ്ഥിര വികസന പുരസ്‌ക്കാരത്തിൽ 'സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ' എന്ന വിഭാഗത്തിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ പുരസ്‌കാരത്തിന് കീഴിൽ 'ആരോഗ്യകരമായ പഞ്ചായത്ത് വിഭാഗത്തിൽ പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്തും, ശിശുസൗഹൃദ പഞ്ചായത്ത് വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റൂർ ഗ്രാമപഞ്ചായത്തും ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടി.
ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ കേരളത്തിന് തിളക്കമേറിയ വിജയമാണ് ലഭിച്ചത്. 'നാനാജി ദേശ്മുഖ് മികച്ച പഞ്ചായത്ത് സുസ്ഥിര വികസന പുരസ്‌കാരം 2025' വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോടി രൂപയാണ് ഈ പുരസ്‌കാരത്തിന് സമ്മാനമായി ലഭിക്കുക. മറ്റ് വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ഒരു കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.
2024-25 വർഷത്തെ പ്രവർത്തനങ്ങളെ മുൻനിർത്തി പ്രഖ്യാപിച്ച 2026-ലെ സ്‌പെഷ്യൽ കാറ്റഗറി അവാർഡിലും കേരളം നേട്ടം തുടർന്നു. കണ്ണൂർ ജില്ലയിലെ കതിരൂർ ഗ്രാമപഞ്ചായത്ത് 'ആത്മനിർഭർ പഞ്ചായത്ത് സ്‌പെഷ്യൽ അവാർഡ്' വിഭാഗത്തിൽ ദേശീയതലത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. 50 ലക്ഷം രൂപയാണ് കതിരൂർ പഞ്ചായത്തിന് പുരസ്‌കാര തുകയായി ലഭിക്കുക. കേന്ദ്ര മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് ഈ അവാർഡുകൾ നൽകിയിരിക്കുന്നത്.
ജൂൺ 3ന് ന്യൂഡൽഹിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഗ്രാമീണ തലത്തിൽ നടപ്പിലാക്കുന്നത് വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത പഞ്ചായത്ത് അഡ്വാൻസ്‌മെന്റ് ഇൻഡക്‌സ് എന്ന നൂതന മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്. ഈ ഇൻഡക്സിലെ ഉയർന്ന സ്‌കോറുകളുടെയും ഫീൽഡ് തലത്തിലുള്ള സൂക്ഷ്മപരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലെ പഞ്ചായത്തുകൾ ഈ നേട്ടം കൈവരിച്ചത്. മികച്ച വിജയം നേടിയ തദ്ദേശ സ്ഥാപനങ്ങളെയും അതിന് നേതൃത്വം നൽകിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും റൂറൽ ഡയറക്ടർ അഭിനന്ദിച്ചു.
പി.എൻ.എക്‌സ്. 1506/2026
- Log in to post comments