Skip to main content

*വിജയത്തിളക്കത്തിൽ ബത്തേരി; എസ്.എസ്.എൽ.സിയിൽ നൂറുമേനി തിളക്കം*

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയത്തിന്റെ നൂറുമേനി തിളക്കവുമായി സുൽത്താൻ ബത്തേരി നഗരസഭയിലെ വിദ്യാലയങ്ങൾ. പരീക്ഷയെഴുതിയ 823 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയതോടെ നഗരസഭയിലെ മുഴുവൻ സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. വിജയികളിൽ 113 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. ആകെ വിജയിച്ചവരിൽ 68 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർത്ഥികളുടെ മികച്ച വിജയത്തിനായി നഗരസഭയും വിദ്യാഭ്യാസ വകുപ്പും ഏകോപിപ്പിച്ചു നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ വിജയം കണ്ട സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.

വിജയരഹസ്യമായി ഹൈ ഫ്ലൈയും പീക് ടൂ പ്രോഗ്രസ്സും വയനാട് ഡയറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനസഹായിയായ ഹൈ ഫ്ലൈയും എച്ച്.എം ഫോറവും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തയ്യാറാക്കിയ ചോദ്യബാങ്കായ പീക് ടൂ പ്രോഗ്രസും മികച്ച വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ പഠനസഹായികൾ നഗരസഭ മുൻകൈ എടുത്ത് പ്രിന്റ് ചെയ്ത് മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ പുതിയ പാഠപുസ്തകത്തിന് അനുസൃതമായി തയ്യാറാക്കിയ പീക് ടൂ പ്രോഗ്രസ് ഓൺലൈൻ കോപ്പി ഇതിനോടകം 1,78,510 പേരാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചത്.

പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പഠനം ഉറപ്പുവരുത്താൻ ഊരുകൂട്ട വോളണ്ടിയർമാരെ നിയമിച്ച് നടത്തിയ പ്രവർത്തനങ്ങൾ വിജയത്തിൽ നിർണ്ണായകമായി. സംസ്ഥാനത്തിന് തന്നെ മാതൃകയായ ഈ ഇടപെടലിലൂടെ പിന്നോക്ക മേഖലയിലുള്ള കുട്ടികളെയും മികച്ച വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ കെ.എം എന്നിവർ അഭിനന്ദിച്ചു.
 

date