Skip to main content

വരം'-17 മലയാള സര്‍വ്വകലാശാല ഒരുങ്ങി

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 2,3 തിയ്യതികളില്‍ മലയാള സര്‍വ്വകലാശാലയില്‍ നടക്കും.
കഴിഞ്ഞ നാലുവര്‍ഷമായി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി നടത്തിവരുന്ന പരിപാടിയാണ്‌വരം.
അവഗണിക്കപ്പെടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പരിപാട ികൊണ്ട് ലക്ഷ്യമിടുന്നത്. മലയാളസര്‍വ്വകലാശാലയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭിന്നശേഷിക്കാരായ ആയിരത്തിലധികം പേര്‍ പങ്കെടുക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, ഓപ്പണ്‍ ഫോറം, സുഹൃത് സംഗമം, വിവിധ വിനോദ പരിപാടികള്‍ എന്നിവ വരം-17 ന്റെ ഭാഗമായി നടക്കും. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ രണ്ടിന്) ഉച്ചക്ക് രണ്ടിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും. സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അമിത്മീണ അവാര്‍ഡ്ദാനം നടത്തും. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ പുരസ്‌കാരവിതണം നടത്തും.
രാവിലെ 10 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരിക്കും. തിരൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ; എസ്. ഗിരീഷ് പുസ്തകമേള ഉദ്ഘാടനം ചെയ്യും. പി.എസ്.സി ചെയര്‍മാന്‍ അഡ്വ; എം.കെ. സക്കീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ മൂന്നിന് രാവിലെ ഭിന്നശേഷിക്കാര്‍ക്കായി നടക്കുന്ന മെഗാമെഡിക്കല്‍ ക്യാമ്പ് വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ആരോഗ്യസെമിനാര്‍ കേരള പ്ലാനിംഗ് കമ്മീഷന്‍ അംഗം ഡോ; കെ.പി അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌സെക്രട്ടറി പ്രീതി മേനോന്‍ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

date