ജൈവസമ്പത്തിന് കോട്ടംതട്ടുന്ന വികസനം നാടിന് ആപത്ത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനം ആവശ്യമാണെങ്കിലും ജൈവസമ്പത്തിന് കോട്ടം തട്ടുന്ന രീതിയിലായാൽ അത് നാടിന് ആപത്തായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടവും അറബിക്കടലുമുള്ള കേരളം ലോകത്തിൽ തന്നെ ജൈവസമ്പത്തിന് പേരുകേട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ പച്ചപ്പും കുഞ്ഞരുവികളും കാവുകളും നിറഞ്ഞ കേരളത്തിന്റെ തനത് പരിസ്ഥിതി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിർത്താൻ മനുഷ്യന്റെ ഇടപെടലുകൾ സുസ്ഥിര വികസനത്തിലൂന്നിയാകണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ഫാസ്റ്റ് ഫാഷന്റെയും പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും അമിത ഉപയോഗം ജൈവവൈവിധ്യത്തെ തകിടം മറിക്കുകയാണ്. ഭാവിതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാൻ വികസനത്തോടൊപ്പം തന്നെ സുസ്ഥിര ഉപഭോഗ സംസ്കാരവും മാലിന്യനിർമാർജനവും അനിവാര്യമാണെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡൻ്റ് സിൻ്റ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ.ടി വി സജീവ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈജോ പറമ്പില പി എ മുക്താർ , ശ്രീദേവി മധു, റസിയ സവാദ് , ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments