*ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ സന്നദ്ധ സംഘടനാ വളണ്ടിയർമാർക്ക് പരിശീലനവുമായി ദുരന്ത നിവാരണ അതോറിറ്റി*
മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലയിലെ സന്നദ്ധ സംഘടനാ വളണ്ടിയർമാർക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എ.ഡി.എം എ ജയശ്രീ ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തമുഖങ്ങളിൽ പകച്ചുനിൽക്കാതെ രക്ഷാപ്രവർത്തനങ്ങൾക്ക് സന്നദ്ധമാകാൻ കൃത്യമായ പരിശീലനം അത്യാവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്റർ ഏജൻസി ഗ്രൂപ്പുകളിലെ വളണ്ടിയർമാർക്കു വേണ്ടിയാണ് കളക്ടറേറ്റ് എ.പി.ജെ ഹാളിൽ വെച്ച് വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം ഉൾപ്പെടെ നൽകിയത്.
മുൻകാലങ്ങളിൽ ജില്ല നേരിട്ട പ്രകൃതി ദുരന്തങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും അഭിനന്ദിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഏറ്റവും വേഗത്തിലുള്ള ഇടപെടൽ സാധ്യമാക്കാൻ വിവിധ സന്നദ്ധ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ഈ വർഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളുകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനാ വളണ്ടിയർമാർ സജീവമായി പങ്കെടുക്കുമെന്നും ഇന്റർ ഏജൻസി ഗ്രൂപ്പ് ജില്ലാ കൺവീനർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു. സി.പി.ആർ ആന്റ് ബേസിക് ലൈഫ് സപ്പോർട്ട്, സൈക്കോ സോഷ്യൽ സപ്പോർട്ട്, അഗ്നിശമന സേനയുടെ പ്രായോഗിക പരിശീലനം, സെർച്ച് ആന്റ് റെസ്ക്യൂ, ബേസിക് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിങ്ങനെ വിവിധ മേഖലകളായിട്ടായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്.
ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. സുഷമ രാജ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജിതിൻ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അരുൺ, ഡോക്ടേഴ്സ് ഫോർ യു കൗൺസിലർമാരായ അഭിരാമി, ഷെറിൻ തോമസ്, ഹാജറ ഹന്ന, പൾസ് കേരള എമർജൻസി പ്രതിനിധി മുബീർ ഷാ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.കെ ഇന്ദു അധ്യക്ഷയായ പരിപാടിയിൽ കളക്ടറേറ്റ് ദുരന്തനിവാരണ സെക്ഷൻ ജൂനിയർ സൂപ്രണ്ട് ടി സരിൻ കുമാർ, ദുരന്തനിവാരണ വിഭാഗം ജീവനക്കാരായ സന്ദീപ്, അമൽ എന്നിവർ നേതൃത്വം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28 സംഘടനകളെ പ്രതീനിധീകരിച്ച് 130 വളണ്ടിയർമാരാണ് പരിശീലനത്തിനെത്തിയത്.
- Log in to post comments