പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ല: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ
കേസ് സർക്കാർ ഏറ്റെടുക്കും, അനുകൂല വിധിയില്ലെങ്കിൽ പുനരധിവാസം
പര്യത്തുകാവ് നിവാസികളെ പെരുവഴിയിലാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.
മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതി നിവാസികളുടേയും ഉദ്യോഗസ്ഥരുടേയും ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.
സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനുമായി വിഷയം ചർച്ച ചെയ്തിരുന്നു.
പതിറ്റാണ്ടുകളായി ഉന്നതി നിവാസികൾ തുടർന്നുവരുന്ന നിയമ പോരാട്ടം സർക്കാർ ഏറ്റെടുക്കുകയാണ്. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. പൂർണ്ണമായും ഇവിടുത്തെ കുടുംബങ്ങളെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ടുപോവുക. നിലവിലെ അവരുടെ അഭിഭാഷകന് അഡ്വക്കേറ്റ് ജനറലുമായി അടിയന്തരമായി ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു കാരണവശാലും ഇവിടുത്തെ കുടുംബങ്ങളെ പെരുവഴിയിൽ ഇറക്കിവിടാൻ സർക്കാർ ഇടവരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി നിയമപാരാട്ടം നടത്തും. കോടതിവിധി പ്രതികൂലമാകുന്ന സാഹചര്യമുണ്ടായാൽ സർക്കാർ അവർക്ക് വീടും സ്ഥലവും ഉൾപ്പെടെ നൽകി പുനരധിവസിപ്പിക്കും. തിങ്കളാഴ്ച കോടതിയെ സമീപിക്കുന്നത് വരെ വിഷയത്തിൽ പോലീസ് നടപടി ഉണ്ടാവില്ലെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
പര്യത്തുകാവ് നിവാസികളായ ഏഴ് കുടുംബങ്ങളാണ് യോഗത്തിന് എത്തിയത്. അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും സമയമെടുത്ത് ചോദിച്ചറിഞ്ഞ അദ്ദേഹം ഏതു ഘട്ടത്തിലും സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments