റാന്നിയിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന് 30 കോടി രൂപ അനുവദിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ ഘട്ടംഘട്ടമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്ക് 30 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ആകെ 33.5 കിമീ ദൂരം വരുന്ന എട്ടു റോഡുകള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മല്ലപ്പള്ളി ഡിവിഷനു കീഴിലെ രണ്ട് റോഡുകള്‍ ഇത്തരത്തില്‍ ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കാനാണ് ഫണ്ട് അനുവദിച്ചത്. ആറ് കിലോമീറ്റര്‍ നീളമുള്ള എഴുമറ്റൂര്‍-കുളത്തകം-വായ്പൂര് ബസ് സ്റ്റാന്‍ഡ് റോഡിന് അഞ്ചുകോടി രൂപയും 1.6 കിലോമീറ്റര്‍ ദൂരമുള്ള കോട്ടാങ്ങല്‍-മണിമല റോഡിന് 1.40 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് റാന്നി സബ്ഡിവിഷനു കീഴിലെ റോഡുകളാണ് ബാക്കി ആറെണ്ണം. വെച്ചുച്ചിറ സെന്റ് തോമസ് സ്‌കൂള്‍ പടിയില്‍ നിന്നും വെണ്‍കുറിഞ്ഞി വഴി മണിപ്പുഴ വരെയെത്തുന്ന റോഡിന് 2.20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ റോഡ് കൂടി ബിഎംബിസി ആകുന്നതോടെ വെച്ചൂച്ചിറ പഞ്ചായത്തിലെ എല്ലാ പൊതുമരാമത്ത് വകുപ്പ് റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ശബരിമലയുടെ പ്രധാന തീര്‍ഥാടന പാതകളില്‍ ഒന്നായ മന്ദിരം-വടശ്ശേരിക്കര പാതയുടെ 5.6 കിമീ ദൂരം അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് 4.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മറ്റൊരു ശബരിമല പാതയായ പെരുനാട് -പെരുന്തേനരുവി റോഡിന്റെ ഭാഗമായ പെരുനാട് പൂവത്തുംമൂട് മുതല്‍ മഠത്തും മുഴി കൊച്ചു പാലം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് പുനരുദ്ധരിക്കുന്നതിന് 1.70 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അത്തിക്കയം-മടന്തമണ്‍-കൂത്താട്ടുകുളം ചേത്തക്കല്‍ പാത ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ 7.5 കോടി രൂപ നേരത്ത അനുവദിച്ചിരുന്നു . എന്നാല്‍ തുക റോഡ് പുനരുദ്ധാരണത്തിന് മതിയാകാതെ വന്നതിനാല്‍ മടന്തമണ്‍ മുതല്‍ ചേത്തക്കല്‍ വരെയായി നീളം ചുരുക്കുകയായിരുന്നു .ഇതിന് ഇപ്പോള്‍ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. റോഡ് പൂര്‍ണമായും അത്തിക്കയം വരെ എത്തണമെങ്കില്‍ മടന്തമണ്ണില്‍ നിന്നും രണ്ട് കി.മീ ദൂരം കൂടി വേണം. ഇതാണ് ഇപ്പോള്‍ ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് 1.90 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മന്ദമരുതി ഭാഗത്തുനിന്നും തിരുവല്ലയ്ക്ക് പോകാനുള്ള എളുപ്പവഴിയായ ചെല്ലക്കാട്-വളകൊടികാവ്-നെല്ലിക്കമണ്‍- ഉന്നക്കാവ് പൂവന്‍മല ഔട്ടര്‍ റിങ് റോഡ് പുനരുദ്ധരിക്കുന്നതിന് 7.7 0 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈറോഡില്‍ എട്ടു കിലോമീറ്ററാണ് ദൂരം വരുന്നത്. ഇട്ടിയപ്പാറ ടൗണിന് വടശ്ശേരിക്കര യുമായി ബന്ധിപ്പിക്കുന്ന ഇട്ടിയപ്പാറ - ഐത്തല, ഐത്തല - കിടങ്ങാ മൂഴി ആറു കിലോമീറ്റര്‍ വരുന്ന റോഡുകള്‍ 5.5 കോടി രൂപ ഉപയോഗിച്ചാണ് ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. (പിഎന്‍പി 4191/18)
- Log in to post comments