അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ
*മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകനയോഗം ചേർന്നു
അതിഥിത്തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വീടുകൾ, പൊതു സ്ഥലങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങി മൂന്ന് വിഭാഗങ്ങളായാണ് ശുചീകരണ പ്രവർത്തനങ്ങൾ. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തുമെന്നും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ ശുചിമുറികൾ ശുചിത്വ മിഷന്റെ സഹായത്തോടെ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം ഗ്രാമപഞ്ചായത്തുകൾക്ക് നൽകി. പഞ്ചായത്തുകളില്‍ ഫോഗിംഗ് നടത്തും. ഹരിതകര്‍മ്മ സേനയ്ക്ക് ട്രോളി, പൊതുസ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ തുടങ്ങിയവ സംയുക്ത പദ്ധതിയായി നടപ്പിലാക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന ഭാരവാഹികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, സാംസ്‌കാരിക പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള പഞ്ചായത്തുതല യോഗങ്ങൾ മേയ് 23ന് നടത്തും. വാർഡുതല യോഗങ്ങൾ 24 നും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ യോഗം 26 നും ഓഫീസുകളുടെ ശുചീകരണം 27 നും സംഘടിപ്പിക്കും.
ഓരോ വാർഡുകളെയും 10 കേന്ദ്രങ്ങളായി തിരിച്ച് മേയ് 31 നകം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്, ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷിൻസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments