Skip to main content

മേഖലാതല ശില്‍പ്പശാല സംഘടിപ്പിച്ചു

 സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും ബാങ്കിംഗ് അവബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും കേരള ഗ്രാമീണ ബാങ്കും സംയുക്തമായി 'സമൃദ്ധി' മേഖലാതല ശില്‍പ്പശാല സംഘടിപ്പിച്ചു. ബിനി ഹെറിറ്റേജ് ഹാളില്‍ നടന്ന ശില്‍പ്പശാല കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് തൃശ്ശൂര്‍ റീജിയണല്‍ മാനേജര്‍ കെ.ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു.

  കേരള ഗ്രാമീണ ബാങ്കും കുടുംബശ്രീയും തമ്മിലുള്ള ബന്ധം, സാമ്പത്തികം, ബാങ്കിംഗ് അവബോധം, അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള വിവിധ കെ.ജി.ബി വായ്പാ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ബാങ്കിംഗ് സേവനങ്ങളുടെ പ്രയോജനം, സുരക്ഷിത സാമ്പത്തിക ഇടപാടുകള്‍, കുടുംബ ബജറ്റിംഗ്, നിക്ഷേപ ശീലങ്ങള്‍, വനിതാ സംരംഭങ്ങള്‍ക്കുള്ള ധനസഹായ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങളും നടന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുക, ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

ചടങ്ങില്‍ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ റെജി തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ പ്രതിനിധികള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ജില്ലയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

date