Skip to main content
..

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം:      ‘ദിശ' യോഗം

ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് സമിതി (ദിശ) അവലോകന യോഗത്തില്‍ നിര്‍ദ്ദേശം. 47 പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഉച്ചഭക്ഷണ വിതരണത്തിനുള്ള പാചകവാതകസിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാനും ആവശ്യമെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാനും നിര്‍ദേശിച്ചു. ദേശീയ ആരോഗ്യദൗത്യം, അമൃത് തുടങ്ങിയ പദ്ധതികളുടെ വിശദവിശകലനത്തിനായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേരുന്നതിനും തീരുമാനിച്ചു.
ചവറയില്‍ 30 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അര്‍ബുദ ചികിത്സാകേന്ദ്രം പദ്ധതിയുടെ അന്തിമ അംഗീകാരത്തിന് അടിയന്തരനടപടി സ്വീകരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനമായി 24 കോടി രൂപയും ആസ്തിവികസനത്തിനായുള്ള നിര്‍മാണചിലവായി 36.84 കോടി രൂപയും അനുവദിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. പി.എം.ജി.എസ്.വൈ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എസ്. നിഫി ഹക്ക്, കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി ചിറ്റുമൂല നാസര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി പി. ഹരികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 969/2026)

date