Skip to main content

വൈദ്യുതി അപകട നിവാരണ സമിതി ജില്ലാതല യോഗം ചേര്‍ന്നു

മണ്‍സൂണ്‍ കാലത്ത് വൈദ്യുതാഘാതമേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എ.ഡി.എം. സി.എസ്.രാജേഷിന്റെ അധ്യക്ഷതയില്‍ വൈദ്യുതി അപകട നിവാരണ സമിതി ജില്ലാതല യോഗം ചേര്‍ന്നു. ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി പോസ്റ്റിലേക്ക് ചാഞ്ഞുനില്‍ക്കുന്ന സ്വകാര്യ വ്യക്തികളുടെ അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് നോട്ടീസ് നല്‍കും. മരംമുറിച്ചുനീക്കാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മരംമുറിച്ചുമാറ്റാനും തീരുമാനിച്ചു. ഇതിനുള്ള ചെലവ് ബന്ധപ്പെട്ട വ്യക്തികളില്‍നിന്ന് ഈടാക്കും. വൈദ്യുതി ബോര്‍ഡിന്റെ ക്ലിയറന്‍സ് ഇല്ലാതെ സുരക്ഷിതമല്ലാത്ത രീതിയിലുള്ള കേബിളുകള്‍ സ്ഥാപിക്കുന്നത് മൂലം അപകടങ്ങള്‍ സംഭവിക്കുന്നത് യോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി പോസ്റ്റുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍, നോട്ടീസ് പതിക്കല്‍ എന്നിവയില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടിയെടുക്കും. വിവിധയിടങ്ങളില്‍ അനധികൃത കമ്പിവേലി സ്ഥാപിക്കുന്നതിലെ അപകടാവസ്ഥ സംബന്ധിച്ച് വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ എന്നിവ നല്‍കി ബോധവത്ക്കരണം നടത്താനും യോഗം തീരുമാനിച്ചു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ഫണ്ട് അനുവദിച്ചുകൊണ്ട് ആര്‍.സി.സി.ബി. സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും യോഗം മുന്നോട്ട് വെച്ചു. ഓരോ വര്‍ഷവും ഉത്സവങ്ങളിലെ കെട്ടുകാളകളുടെ ഉയരം വര്‍ധിച്ച് വരുന്നത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന താത്ക്കാലിക ഷെഡ്ഡുകള്‍ പലതും വൈദ്യുതി ലൈനുകളില്‍ നിന്നും നിയമാനുസൃതമായ അകലം പാലിക്കാതെയാണ് നിര്‍മ്മിക്കുന്നത് എന്നും യോഗത്തില്‍ പറഞ്ഞു. എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വൈദ്യുതി സെക്ഷനുകളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date