Skip to main content
ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ അവലോകന യോഗം

*പുകയില വിരുദ്ധ ദിനം; ജില്ലയിൽ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും*

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ ബോധവത്കരണ പരിപാടികളും നിയമലംഘനങ്ങൾ തടയാൻ ശക്തമായ പരിശോധനയും നടത്തും. ജില്ലയിലെ പുകയില നിയന്ത്രണ പരിപാടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം പുകയില കാരണമായുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനും കുട്ടികളെയും യുവാക്കളെയും പുകയില ഉപയോഗത്തിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇത്തവണ സ്കൂൾ തുറക്കുന്നതിനൊപ്പം ജില്ലയിലെ സ്കൂളുകളിൽ പുകയില-ലഹരി വിരുദ്ധ ക്യാമ്പയിനുകൾ കൂടി ആരംഭിക്കും. സ്കൂളുകൾ നിയമപ്രകാരം പുകയില വിമുക്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സ്കൂളുകളിലും പരിസര പ്രദേശങ്ങളിലും ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കർശന പരിശോധനകൾ നടത്തി നിയമ നടപടി സ്വീകരിക്കും. സ്കൂളുകളിലും പരിസരത്തും പുകയില ഉപയോഗം തടഞ്ഞുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് കൂടുതൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദേശിച്ചു. പുകവലിക്ക് പുറമെ പുകരഹിതമായ പുകയില ഉപയോഗവും വലിയ പൊതുജനാരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ പറഞ്ഞു. നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന സംബന്ധിച്ച കരർശനമായി തടയാൻ പൊലീസ്, എക്സൈസ്, ആരോഗ്യ, ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള വകുപ്പുകൾ സംയുക്തമായി പരിശോധന ആരംഭിക്കാനും തീരുമാനമായി. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

date