Skip to main content

ചെല്ലാനം ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കണം: മുഹമ്മദ് ഷിയാസ് എം.എൽ.എ

ചെല്ലാനം ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്ന്   മുഹമ്മദ് ഷിയാസ് എം.എൽ.എ. കാക്കനാട് കളക്ടറേറ്റിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ എത്രയും വേഗം നീക്കണമെന്നും അതിനായി ഉദ്യോഗസ്ഥർ വേണ്ട ഇടപെടലുകൾ നടത്തണമെന്നും എം.എൽ.എ പറഞ്ഞു. ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി പുതിയ പദ്ധതി അവിഷ്കരിക്കണമെന്നും അതിൻ്റെ  പദ്ധതി രേഖ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കണമെന്നും  ഉദ്യോഗസ്ഥരോട് എം.എൽ.എ ആവശ്യപ്പെട്ടു. 

കടലാക്രമണം നേരിടാൻ ചെല്ലാനം തീരത്ത് ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക യോഗത്തിൽ അറിയിച്ചു. 

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജല അതോറിറ്റി ഡയറക്ടർ പി. ബി നൂഹ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date