ദേശീയപാത നിർമ്മാണ അവശിഷ്ടങ്ങൾ ഉടൻ നീക്കം ചെയ്യണം: ജില്ലാ കളക്ടർ
*ജില്ലാ വികസന സമിതി യോഗം
പറവൂർ മണ്ഡലത്തിൽ ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന മേഖലകളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉൾപ്പെടെയുള്ള നിർമ്മാണ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക നിർദ്ദേശിച്ചു. ജില്ലാ വികസന സമിതി (ഡിഡിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രതിനിധി യോഗത്തിൽ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണിത്. ഡിഡിസിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് 10 ദിവസത്തിനകം മറുപടി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും പ്രതിനിധി അറിയിച്ചു.
വന്യമൃഗശല്യം: ജൂൺ 8-ന് മന്ത്രിയുമായി ചർച്ച
കോതമംഗലം മേഖലയിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി ജൂൺ 8 ന് ചർച്ച നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോട്ടപ്പടി പഞ്ചായത്തിൽ നാശം സൃഷ്ടിക്കുന്ന കാട്ടാനയെ അടിയന്തരമായി പിടികൂടി മാറ്റുന്നതും, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലിയുടെ അറ്റകുറ്റപ്പണികളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും എംഎൽഎ വ്യക്തമാക്കി.
കുടിവെള്ളക്ഷാമം പരിഹരിക്കണം
കരുമാലൂർ, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂറിന്റെ പ്രതിനിധി ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments