Skip to main content
ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം

ജില്ല വികസന സമിതി യോഗം ചേര്‍ന്നു

ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ എ
നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ല വികസന സമിതി യോഗം ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ എംഎംല്‍എമാരായ കെ യു ജനീഷ് കുമാര്‍, പഴകുളം മധു, വര്‍ഗീസ് മാമ്മന്‍, സി വി ശാന്തകുമാര്‍, അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവരെ ആദരിച്ചു.
കോന്നി മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വേ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കൂടല്‍ മത്സ്യ മാര്‍ക്കറ്റ് ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. പാടം നഗര്‍ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
വന്യജീവി അക്രമം കുറയ്ക്കുന്നതിന് വേലി, ട്രഞ്ച് നിര്‍മാണം കാര്യക്ഷമമാക്കണമെന്ന് പഴകുളം മധു എംഎല്‍എ അഭിപ്രായപ്പെട്ടു.  റാന്നി ഇട്ടിയപ്പാറ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. റാന്നി പാലം ജനങ്ങളുടെ ആവശ്യമാണെന്നും നിര്‍മാണ ഉദ്ഘാടനമല്ല പദ്ധതി പൂര്‍ത്തീകരണമാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല -മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ് നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വര്‍ഗീസ് മാമന്‍ എംഎല്‍എ നിര്‍ദേശിച്ചു.തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒ പി കെട്ടിട നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി. അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോടുകളിലെ ചെളിയും പോളയും അടിയന്തരമായി നീക്കം ചെയ്യണം.
ഏനാത്ത് മുതല്‍ പന്തളം വരെയുള്ള എംസി റോഡില്‍ അപകടം ഒഴിവാക്കുന്നതിന് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ ലഹരി സാധനങ്ങളുടെ പരിശോധന ശക്തമാക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ജില്ല സ്റ്റേഡിയം, കോഴഞ്ചേരി പാലം, അബാന്‍ മേല്‍പ്പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം അതാത് സ്ഥലങ്ങളില്‍ ചേരുമെന്ന് അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ സമയബന്ധിതമായി നിരാക്ഷേപ പത്രം നല്‍കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അഭിപ്രായപ്പെട്ടു.  പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ആവശ്യമാണന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു.  
മഴക്കാല ശുചീകരണം, ജില്ലയിലെ വിവിധ കെട്ടിടങ്ങള്‍, പാലം, റോഡ് നിര്‍മാണം,
എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ വിനിയോഗിച്ചുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി. 2027 സെന്‍സസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എഡിഎം എ വിജയന്‍, അസിസ്റ്റ് പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date