Skip to main content

ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ

 

 ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. 

മഴക്കാലത്തെ വെള്ളക്കെട്ട്, ദേശീയപാത വീതി കൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ചർച്ച ചെയ്തു പെട്ടെന്ന് പരിഹാരം കാണാനാണ് ടീം രൂപീകരിക്കുന്നത്. വിവിധ വകുപ്പുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാകും ടീം. 

യോഗത്തിൽ ദേശീയപാതയിൽ പാപ്പിനിശ്ശേരി-താഴെചൊവ്വ റോഡിന്റെ ശോച്യാവസ്ഥ കെ വി സുമേഷ് എം.എൽ.എ യും തളിപ്പറമ്പ് കുപ്പത്ത് മണ്ണിടിഞ്ഞു നിരവധി വീടുകളിൽ മണ്ണും ചളിയുമടിഞ്ഞ അവസ്ഥ ടി കെ ഗോവിന്ദൻ എം.എൽ.എയും ഉന്നയിച്ചിരുന്നു. 

നിർദേശിക്കുന്ന പദ്ധതികൾ പലതും എസ്റ്റിമേറ്റ് ആയി വരുന്നതിൽ കാലതാമസം വരുന്നതായി എം.എൽ.എമാരായ കെ വി സുമേഷ്, പി കെ പ്രവീൺ എന്നിവർ ഉന്നയിച്ചു. ഇലക്ട്രിക്കൽ പ്രവൃത്തികളാണ് ഒരുപാട് വൈകുന്നതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. 

ആസ്തി സംബന്ധിച്ച വിവരങ്ങൾ അതാത് തദ്ദേശസ്ഥാപനത്തിൽ നിന്ന് ലഭിക്കാൻ വൈകുന്നതാണ് എസ്റ്റിമേഷൻ വൈകാൻ കാരണമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥ മറുപടി നൽകി. ഇക്കാര്യത്തിൽ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

സ്വകാര്യ ബസുകൾ രാത്രി എട്ടിനു ശേഷം ട്രിപ്പ് മുടക്കുന്ന വിഷയത്തിൽ ഇത്തരം ഒരു ബസിന്റെ ട്രിപ്പ്‌ ക്യാൻസൽ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും ഏഴ് ബസുകൾക്ക് പിഴയിട്ടതായും ആർ.ടി.ഒ അറിയിച്ചു. 

ടി. ഒ മോഹനൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, എഡിഎം കല ഭാസ്ക്കർ, അസി. കളക്ടർ എസ് സ്വാതി, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date